Pathanamthitta local

ഉപയോഗശ്യൂന്യമായ കുഴല്‍ക്കിണറുകള്‍ അപകടഭീതി ഉയര്‍ത്തുന്നു

മുളക്കുഴ: ഉപയോഗശ്യൂന്യമായ കുഴല്‍ക്കിണറുകള്‍ അപകട ഭീതി ഉയര്‍ത്തുന്നു. മുളക്കുഴ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ച കുഴല്‍ക്കിണറുകളാണ് പ്രദേശത്തെ ജനങ്ങളുടെ ഭീതിക്ക് കാരണമാവുന്നത്. ഭൂനിരപ്പില്‍ നിന്ന് ഒരടിമാത്രം ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ മാത്രമാണ് ഇതിന് മറയായി ഉള്ളത്.
കൊച്ചുകുട്ടികള്‍, കൗതുകത്തിനുവേണ്ടി നോക്കിയാല്‍പോലും മറിഞ്ഞുവീഴാവുന്ന തരത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവയുടെ മുകള്‍ഭാഗം അടച്ചുറപ്പോടെ സംരക്ഷിക്കാത്തതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കടുത്ത അനാസ്ഥയാണ് കാട്ടുന്നത്.
പള്ളിപ്പടി, കക്കുന്നുമോടി, നായ്ക്കന്‍മോടി എന്നിവടങ്ങളിലെ കിണറുകളിലാണ് വെള്ളം കിട്ടാതായതുമൂലം 150 അടിയോളം കുഴിച്ച് കഴിഞ്ഞ് പൈപ്പും സ്ഥാപിച്ചശേഷം ഉപേക്ഷിച്ചത്.
കക്കുന്നുമോടി പ്രദേശത്ത് കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രദേശവാസികള്‍ ഇതിനെ എതിര്‍ക്കുകയും ജലലഭ്യതയുള്ള പള്ളാപ്പശ്ശേരില്‍, കാണിക്കവഞ്ചി എന്നിവിടങ്ങളില്‍ കിണറു കുത്തിയാല്‍ കക്കുന്നുമോടിയിലെ ജലക്ഷാമം പൂര്‍ണമായി പരിഹരിക്കാമെന്ന് നിര്‍ദേശിച്ചതുമാണ്.
വേനല്‍ അവധി എത്തിയതോടെ തൊടിയിലും പറമ്പിലും കളികള്‍ക്കിടയില്‍ കുട്ടികള്‍ക്ക് അപകടമുണ്ടാക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെങ്കിലും മേല്‍മൂടി സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it