palakkad local

ഉപഭോക്തൃ സംരക്ഷണ സമിതി യോഗം; മാരകരോഗം ബാധിച്ചവര്‍ക്ക് ബിപിഎല്‍  കാര്‍ഡ് അനുവദിക്കും: ജില്ലാ കലക്ടര്‍

പാലക്കാട്: കാന്‍സര്‍, വൃക്കരോഗം എന്നിവയുള്ളവര്‍ കലക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയാല്‍ ഉടന്‍ ബിപിഎല്‍ റേഷന്‍കാര്‍ഡ് അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. മാരകമായ രോഗം ബാധിച്ചവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കിയാല്‍ മതി. പരിശോധിച്ച് അര്‍ഹരായവര്‍ക്ക് ബിപിഎല്‍ റേഷന്‍കാര്‍ഡ് അനുവദിക്കും. ആലത്തൂര്‍ മേഖലയിലെ റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ പൂഴ്ത്തിവെയ്പ്പ് നടത്തുന്നുണ്ടെന്ന് യോഗത്തില്‍ പരാതിപ്പെട്ടു. ഇതിനെതിരേ സപ്ലൈ ഓഫിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി വേണ്ട നടപടി കൈക്കൊള്ളും. ജില്ലയില്‍ പലയിടത്തും വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് ആര്‍ടിസി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. അവധിക്കാലങ്ങളില്‍ ദീര്‍ഘദൂര ബസ്സുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനും നടപടിയുണ്ടാകും.
ജ്വല്ലറികളില്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ബില്ല് നല്‍കാതെ എസ്റ്റിമേറ്റ് മാത്രം നല്‍കുന്നതായി പരാതിയും പല കടകളിലും എക്‌സ്പയറി ഡെയ്റ്റ് കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നതായും പരാതിയുയര്‍ന്നു. കുപ്പിവെള്ളം, സോഡ, സര്‍ബത്ത് തുടങ്ങിയവ ശീതീകരിച്ചതിന് അമിത ചാര്‍ജ് ഈടാക്കുന്നുവെന്നും ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകം വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നും യോഗത്തില്‍ പറഞ്ഞു. ഇത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സപ്ലൈ ഉദ്യോഗസ്ഥരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസി സബ്‌സ്റ്റേഷന്‍ അനുവദിക്കണമെന്നും ഒറ്റപ്പാലത്തെ ശ്മശാനത്തില്‍ ഗ്യാസ് സംവിധാനത്തിലുള്ള സംസ്‌ക്കാരം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും യോഗത്തില്‍ ഉന്നയിച്ചു. ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ എടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഉപഭോക്തൃ സംരക്ഷണ സമിതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ബി.ടി.അനിത, സപ്ലൈകോ സീനിയര്‍ സൂപ്രണ്ടമാരായ പി ദാക്ഷായണിക്കുട്ടി, കെ അജിത്കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it