malappuram local

ഉപഭോക്താക്കള്‍ക്ക് വൈദ്യുതബില്ലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു: മലപ്പുറം പുറത്ത്‌

പൊന്നാനി: പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തുണ്ടായ പ്രളയവും വെള്ളപ്പൊക്കവും മൂലം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ സെക്ഷന്‍ ഓഫിസ് പരിധിയിലുള്ള ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങ് എടുക്കുന്നതും ബില്‍ തയ്യാറാക്കി നല്‍കുന്നതും ഒരു ബില്ലിങ് സൈക്കിള്‍ ദീര്‍ഘിപ്പിച്ചു. ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അടുത്ത വര്‍ഷം ജനുവരി 31 വരെ പണം അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കിയിട്ടുണ്ട്. ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നല്‍കാന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെയും റവന്യൂവിനെ വിഭാഗത്തേയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഈ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന റി കണക്ഷന്‍ ഫീസും സര്‍ചാര്‍ജും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം ഈ ആനുകൂല്യത്തില്‍ നിന്ന് മലപ്പുറം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രളയത്താല്‍ ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറിയത് മൂലം മിക്ക വീടുകളിലേയും വൈദ്യുതി കണക്ഷനുകള്‍ തകരാറിലാണ്. നേരത്തെ പ്രളയം ബാധിച്ച വില്ലേജുകളുടെ കണക്കുകളിലും വന്‍ പിഴവുണ്ടായിരുന്നു.
Next Story

RELATED STORIES

Share it