Idukki local

ഉപഭോക്താക്കളെ വലച്ച് ബിഎസ്എന്‍എല്‍; തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതി

കുമളി: ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ തകരാര്‍ പതിവായതോടെ ഉപഭോക്താക്കള്‍ ദുരിതത്തിലാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതി.
ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് കുമളിയിലും സമീപ പ്രദേശങ്ങളിലും ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് പൂര്‍ണ്ണമായും തകരാറിലായത്.ബിഎസ്എന്‍എല്‍ ലാന്റ്‌ഫോണ്‍,മൊബൈല്‍ഫോണ്‍,ബ്രോഡ്ബാന്റ്,മൊബൈല്‍ ത്രിജി സംവിധാനങ്ങള്‍ എന്നിവയെല്ലാം കുമളിയില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാണ്. ബിഎസ്എന്‍എല്‍ ടവറുകളിലും ലൈനുകളിലും ഉണ്ടാകുന്ന തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ബിഎസ്എന്‍എല്‍ വരിക്കാരായ ഇന്റര്‍നെറ്റ് കഫെകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍,വ്യാപാര സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ ഓഫീസുകള്‍,സ്വകാര്യ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെല്ലാം ബിഎസ്എന്‍എല്‍ ലാന്റ് ഫോണ്‍-ബ്രോഡ്ബാന്റ് കണക്ഷനുകളാണുള്ളത്.സ്ഥിരമായി സാങ്കേതിക തകരാര്‍ ഉണ്ടാകുന്നതോടെ വിവിധ സര്‍ട്ടിഫിക്കേറ്റുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബുദ്ധിമുട്ടിലാകുന്നത്.അന്താരാഷ്ട്രവിനോദ സഞ്ചാര കേന്ദ്രമായ തേക്കടി ഉള്‍പ്പെടുന്ന കുമളിയില്‍ ദിനംപ്രതി നിരവധി വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഇവരില്‍ ഭൂരിഭാഗം ആളുകളും വിവിധ ആവശ്യങ്ങള്‍ക്കായി നെറ്റ്കഫെകളിലെത്തുമെങ്കിലും നെറ്റ്‌വര്‍ക്കില്ലാത്തതിനാല്‍ ഇവര്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാറില്ല.
എന്നാല്‍ ഫലപ്രദമായി സേവനം ലഭിക്കുന്നില്ലാത്തതിനാല്‍ നിരവധി ആളുകളാണ് ബിഎസ്എന്‍എല്ലില്‍ നിന്നും കൊഴിഞ്ഞു പോകുന്നത്.തകരാര്‍ തുടര്‍ച്ചയായതോടെ ആളുകള്‍ ലാന്റ്‌ഫോണ്‍ സറണ്ടര്‍ ചെയ്യുന്നത് പതിവായിരിക്കുകയാണ്.തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കള്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലും അധികൃതര്‍ തയ്യാറായിട്ടിലില്ല്.
താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഉന്നത തലത്തിലുള്ള ഇടപെടലാണ് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്തുന്നതെന്നാണ് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതേ സമയം സ്വകാര്യ മൊബൈല്‍ഫോണുകളുടെ പ്രവര്‍ത്തനം ഹൈറേഞ്ചില്‍ മെച്ചപ്പെട്ടു വരികയാണ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it