ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ സിറ്റിങ് സീറ്റായ രത്‌ലം-ജാബുവ (സംവരണം) മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ കാന്തിലാല്‍ ഭൂരിയയാണ് 88,832 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയിലെ നിര്‍മല ഭൂരിയയെ തോല്‍പിച്ചത്.
2014ല്‍ ബിജെപിയിലെ ദിലീപ് സിങ് ഭൂരിയ 1,68,452 വോട്ടുകള്‍ക്കായിരുന്നു ഇവിടെ വിജയിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.ദിലീപിന്റെ മകളാണ് പരാജയപ്പെട്ട നിര്‍മല ഭൂരിയ. എട്ടു സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഇവിടെ 24,342 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. ബിഹാറിലെ തിരിച്ചടിക്കു ശേഷം ബിജെപിക്കേറ്റ പ്രഹരമാണ് ഈ മണ്ഡലത്തിലെ തോല്‍വി. അതേസമയം, രണ്ട് അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകള്‍ നിലനിര്‍ത്തി.
തെലങ്കാനയിലെ സിറ്റിങ് സീറ്റായ വാറങ്കല്‍ (സംവരണം) ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)യിലെ പസുനൂരി ദയാകര്‍ 4.6 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. കോണ്‍ഗ്രസ്സിലെ മുന്‍ കേന്ദ്രമന്ത്രി സാര്‍വെ സത്യനാരായണനെയാണ് അദ്ദേഹം തോല്‍പിച്ചത്.
മണിപ്പൂര്‍ നിയമസഭയിലേക്കു നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അക്കൗണ്ട് തുറന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് തോല്‍പിച്ചത്. എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനാലാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.
Next Story

RELATED STORIES

Share it