thiruvananthapuram local

ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിനും സ്ഥാനാര്‍ഥിയായി; ത്രികോണമല്‍സരത്തിനു കളമൊരുങ്ങി; പ്രചാരണച്ചൂടില്‍ പാപ്പനംകോട്

തിരുവനന്തപുരം: ജൂലൈ 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാപ്പനംകോട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഇതോടെ മൂന്നു പ്രമുഖ മുന്നണികള്‍ക്കും സ്ഥാനാര്‍ഥികളായി. പാപ്പനംകോട്ട് ഇനി പ്രചാരണച്ചൂടിന്റെ ദിനങ്ങള്‍. ബിടെക് വിദ്യാര്‍ഥിയും കെഎസ്‌യു പ്രവര്‍ത്തകനുമായ അരുണ്‍ വിഷ്ണുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞയാഴ്ച തന്നെ ബിജെപിയും സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചാരണത്തിനു തുടക്കം കുറിച്ചിരുന്നു.
ഇപ്പോള്‍ കോണ്‍ഗ്രസ്സും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ത്രികോണമല്‍സരത്തിനു കളമൊരുങ്ങി. ബിജെപി വാര്‍ഡ് കൗണ്‍സിലറായിരുന്ന ചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ ഉപതിരഞ്ഞെടുപ്പിനു കാഹളമൂതിയത്. ജൂലൈ 29നാണ് വോട്ടെണ്ണല്‍. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര മാസത്തിനുള്ളില്‍ എത്തിയ വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് പ്രദേശവാസികള്‍. ചന്ദ്രന്റെ സഹോദരപുത്രി ആശാ നാഥാണ് ബിജെപി സ്ഥാനാര്‍ഥി. സഹതാപതരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി പാളയം.
എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള ജനസമ്മതനായ ഒരാളെത്തന്നെ നിര്‍ത്തി വാര്‍ഡ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കൈമനം ബ്ലോക്ക് മെംബറും സിഐടിയു നേതാവുമായ മോഹനനാണ് സിപിഎം സ്ഥാനാര്‍ഥി. ചെറുപ്പക്കാരനായ ഒരാളെ നിര്‍ത്തി വിജയിക്കുക എന്ന ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ കുത്തക വാര്‍ഡായിരുന്ന പാപ്പനംകോട് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിക്കൊപ്പം നില്‍ക്കുകയായിരുന്നു. 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ ആര്‍ ഉണ്ണികൃഷ്ണനെ ബിജെപി സ്ഥാനാര്‍ഥി ചന്ദ്രന്‍ പരാജയപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാപ്പനംകോട്ട് പരാജയപ്പെട്ട സിപിഎം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട വാര്‍ഡ് തിരികെപ്പിടിക്കുക എന്നതു സിപിഎമ്മിന്റെ അഭിമാനപ്രശ്‌നമാണ്.
എന്നാല്‍, കിട്ടിയ വാര്‍ഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം കാഴ്ചവയ്ക്കാന്‍ സാധിച്ച തങ്ങള്‍ക്ക് ആ വിജയം ഇവിടെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍. 100 വാര്‍ഡുകള്‍ ഉള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് അംഗങ്ങളാണ് കൂടുതല്‍. 43 പേരാണ് എല്‍ഡിഎഫിനെ പ്രതിനിധീകരിച്ചു കോര്‍പറേഷനില്‍ ഇപ്പോഴുള്ളത്. സിപിഎം സ്ഥാനാര്‍ഥി വിജയിക്കുകയാണെങ്കില്‍ അംഗസംഖ്യ 44ല്‍ എത്തും. തൊട്ടുപിറകില്‍ ബിജെപിയാണ്. 34 ബിജെപി അംഗങ്ങളാണ് കോര്‍പറേഷനിലുള്ളത്. കെ ചന്ദ്രന്‍ ഉണ്ടായിരുന്നപ്പോള്‍ 35 ആയിരുന്ന സീറ്റാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ 34 ആയത്.
നേമം മണ്ഡലത്തിലെ 22ല്‍ 11 വാര്‍ഡുകളിലും ബിജെപിയാണ് വിജയിച്ചിരുന്നത്. ബിജെപി അംഗം തന്നെ വിജയിക്കുകയാണെങ്കില്‍ വാര്‍ഡ് അംഗസംഖ്യ അതേപോലെത്തന്നെ നിലനിര്‍ത്താന്‍ അവര്‍ക്കു സാധിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ജൂലൈ 11 വരെയാണ് സമയമുള്ളത്. 12ന് സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജൂലൈ 14 ആണ്.
Next Story

RELATED STORIES

Share it