Editorial

ഉപതിരഞ്ഞെടുപ്പു വിജയം ഐക്യം ബലപ്പെടുത്തണം

യുപിയില്‍ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പിന്തുണയോടെ വന്‍ വിജയം നേടി. സംസ്ഥാനം മുഴുവന്‍ കാവി പെയിന്റടിക്കാന്‍ കരാറെടുത്തിരിക്കുന്ന രജപുത്ര മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. അദ്ദേഹത്തിനു മുമ്പാവട്ടെ, ബാബരി മസ്ജിദ് ധ്വംസനത്തിനു നേതൃത്വം കൊടുത്ത മഹന്ത് അവൈദ്യനാഥിന്റെ തട്ടകമായിരുന്നു മണ്ഡലം. ഫുല്‍പൂര്‍ യുപി ഉപമുഖ്യമന്ത്രി കേശവ്ദാസ് മൗര്യ വന്‍ വിജയം നേടിയ മണ്ഡലമാണ്.
തൊട്ടടുത്ത ബിഹാറില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കേന്ദ്രം ഭരിക്കുന്ന കക്ഷി പരാജയപ്പെടുകയായിരുന്നു. ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണയോടെ ബിജെപി ജയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ നിതീഷ് കുമാര്‍ മതേതര സഖ്യം വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് എല്ലാം ഭദ്രമായെന്നു കരുതിയിരിക്കുമ്പോഴാണ് ജയിലില്‍ കിടക്കുന്ന ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി തിരിച്ചടിക്കുന്നത്.
ത്രിപുരയിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വന്‍തോതില്‍ പണമിറക്കിയും ഗോത്രവര്‍ഗക്കാരെ ഭിന്നിപ്പിച്ചും വിഘടനവാദികളുമായി സഖ്യം ചെയ്തും നേടിയ വിജയം നിരന്തരമായി ആഘോഷിക്കുന്നതിനിടയിലാണ് മോദി-അമിത്ഷാ കൂട്ടുകെട്ടിന് ഈ പ്രഹരമേല്‍ക്കുന്നത്. രാജ്യത്തിന്റെ ഹൃദയഭാഗത്തു നടന്ന മിക്ക ഉപതിരഞ്ഞെടുപ്പുകളിലും എന്‍ഡിഎ സഖ്യം നേരിട്ട പരാജയത്തിന്റെ തുടര്‍ച്ചയാണിത് എന്നു പറയാം.
യുപിയില്‍ നേടിയ വിജയത്തിനു പ്രധാന കാരണം സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും തമ്മില്‍ ഉണ്ടാക്കിയ സഖ്യമാണെന്നതില്‍ ഒട്ടും സംശയമില്ല. രാഷ്ട്രീയമായ പ്രാതിനിധ്യമില്ലാത്ത ജാതികളുടെ പിന്തുണ ഉറപ്പാക്കിയതും എസ്പിയെ സഹായിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ഭിന്നിപ്പും നേതാക്കളുടെ അധികാരമോഹവുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുതിപ്പിനു പ്രധാന കാരണം. 2014ലെ തിരഞ്ഞെടുപ്പില്‍ യുവതലമുറയെ ആകര്‍ഷിക്കുംവിധം മോദിയെ വികസന നായകനായി അവതരിപ്പിച്ചതും അവര്‍ക്ക് സഹായകമായി. വോട്ടിങ് ശതമാനത്തില്‍ വലിയ അന്തരമില്ലാഞ്ഞിട്ടും ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടിയത് ഇങ്ങനെയാണ്.
ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടി പ്രതിപക്ഷ കക്ഷികളെ പൊതുവില്‍ സന്തോഷിപ്പിക്കുമെങ്കിലും അതുകൊണ്ടു മാത്രമായില്ല. ഭൈമീകാമുകന്മാരായ ചില പ്രതിപക്ഷ നേതാക്കള്‍ ഇതിനകം തന്നെ കോണ്‍ഗ്രസ്സില്ലാത്ത മുന്നണികളെക്കുറിച്ച് കിനാവു കാണാന്‍ തുടങ്ങിയിട്ടുണ്ട്. യുപിയില്‍ കോണ്‍ഗ്രസ് വംശനാശം നേരിടുന്നുവെങ്കിലും ദേശീയാടിസ്ഥാനത്തില്‍ ഇപ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തിനു പകരം നില്‍ക്കാന്‍ ശേഷിയുള്ള പൊതുവില്‍ മതേതരമായ രാഷ്ട്രീയ പ്രസ്ഥാനമാണത്. അത് പരിഗണിക്കാതെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഫലപ്രദമാവാന്‍ സാധ്യത കുറവാണ്. വികാരം മൂലധനമായുള്ള, വന്‍ വ്യവസായ-വാണിജ്യ കുത്തകകളുടെ പിന്തുണയുള്ള ഒരു പ്രസ്ഥാനമാണ് എതിര്‍വശത്തുള്ളത് എന്ന സത്യം പ്രതിപക്ഷം തിരിച്ചറിയേണ്ടതുണ്ട്.
Next Story

RELATED STORIES

Share it