Flash News

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: കൈരാന അടക്കമുള്ള നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരച്ചടി. 14 മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് ജയിക്കാന്‍ സാധിച്ചത്. സിറ്റിങ് സീറ്റുകള്‍ പലതും നഷ്ടപ്പെട്ടു. രണ്ട് ലോക്‌സഭാ സീറ്റുകള്‍ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ നിന്ന് പ്രതിപക്ഷ സഖ്യം പിടിച്ചെടുത്തത്.
നാഗാലാന്‍ഡ്, യുപിയിലെ കൈരാന, മഹാരാഷ്ട്രയിലെ പാല്‍ഘഡ്, ഭണ്ഡാര-ഗോണ്ടിയ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസ്റ്റീജ് മണ്ഡലമായ ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭാ മണ്ഡലം ബിജെപിക്ക് നഷ്ടപ്പെട്ടു. ബിജെപി വിരുദ്ധ സഖ്യത്തിന്റെ പിന്തുണയോടെ ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായി മല്‍സരിച്ച തബസ്സും ഹസന്‍ ബീഗമാണ് കൈരാനയില്‍ വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഹുക്കും സിങ് വിജയിച്ച സീറ്റായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഹുക്കും സിങിന്റെ മകള്‍ മൃഗാങ്ക സിങിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയതെങ്കിലും തബസ്സും ബീഗത്തിന് എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ പൊലിഞ്ഞു. 44,618 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തബസ്സും ബീഗം വിജയിച്ചത്.
മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ ലോക്‌സഭാ മണ്ഡലം ബിജെപിയില്‍ നിന്ന് എന്‍സിപി പിടിച്ചെടുത്തു. എന്‍സിപിയുടെ കുകദെ എം യശ്വന്ത് റാവുവാണ് മണ്ഡലത്തില്‍ വിജയിച്ചത്. പാല്‍ഘഡ് മണ്ഡലം ബിജെപി നിലനിര്‍ത്തി. രാജേയ ഗാവിതാണ് പാല്‍ഘഡില്‍ വിജയിച്ചത്. മുന്‍ സഖ്യകക്ഷി ശിവസേനയായിരുന്നു മണ്ഡലത്തില്‍ ബിജെപിയുടെ മുഖ്യ എതിരാളി. നാഗാലാന്‍ഡ് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപി സ്ഥാനാര്‍ഥി തൊഖേഹോ വിജയിച്ചു.
കൈരാന, ഭണ്ഡാര-ഗോണ്ടിയ ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെ ലോക്‌സഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 273 ആയി കുറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എട്ടു സീറ്റുകളാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്.
Next Story

RELATED STORIES

Share it