Flash News

ഉപഗ്രഹ വിക്ഷേപണത്തില്‍ 100 തികച്ച് ഇന്ത്യ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ 100ാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-40 റോക്കറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വിക്ഷേപണ തറയില്‍ നിന്ന് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു വിക്ഷേപണം. റോക്കറ്റിലെ ഉപഗ്രഹങ്ങളെല്ലാം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.
കാര്‍ട്ടോസാറ്റ് 2 വിഭാഗത്തില്‍പ്പെട്ട മൂന്നാമത് ഉപഗ്രഹത്തോടൊപ്പം ഇന്ത്യയുടെ തന്നെ രണ്ടു ചെറിയ ഉപഗ്രഹങ്ങളും വിദേശരാജ്യങ്ങളുടെ 28 നാനോ ഉപഗ്രഹങ്ങളുമാണ് ഇന്നലെ വിക്ഷേപിച്ചത്. യുഎസ്, കാനഡ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് മറ്റ് ഉപഗ്രഹങ്ങള്‍. നാലു മാസം മുമ്പ് പിഎസ്എല്‍വി സി-39ന്റെ വിക്ഷേപണം പരാജയപ്പെട്ടതിനുശേഷമാണ് 31 ഉപഗ്രഹങ്ങള്‍ അടങ്ങിയ റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുന്നതെന്ന പ്രത്യേകതയും ഇന്നലത്തെ വിക്ഷേപണത്തിനുണ്ട്. 710 കിലോഗ്രാം ഭാരം വരുന്ന കാര്‍ട്ടോസാറ്റ് ഭൗമനിരീക്ഷണമാണ് ലക്ഷ്യമിടുന്നത്. തീരദേശ നിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയവയില്‍ വന്‍ മുന്നേറ്റമാണ് കാര്‍ട്ടോസാറ്റ് ലക്ഷ്യമാക്കുന്നത്. 613 കിലോഗ്രാമാണ് മറ്റ് ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം.
ഉപഗ്രഹ വിക്ഷേപണത്തില്‍ അപൂര്‍വനേട്ടം കുറിച്ച ഐഎസ്ആര്‍ഒയെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it