ഉന്മൂലനരാഷ്ട്രീയം ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല: സുധീരന്‍

തിരുവനന്തപുരം/തൃശൂര്‍: ആത്മപരിശോധനയ്ക്കു തയ്യാറാവാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഉന്മൂലനരാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചാല്‍ വിലപ്പോവില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നിരപരാധികളെ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ആസൂത്രകര്‍ നിയമവ്യവസ്ഥയ്ക്കു മുന്നില്‍ കീഴടങ്ങുന്നുവെന്നത് നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ബലപ്പെടുത്തിയിരിക്കുകയാണ്.
നിയമവും നിയമവാഴ്ചയും തങ്ങളുടെ വരുതിക്ക് നിര്‍ത്തി എന്ത് അതിക്രമവും ചെയ്യാനാവുമെന്ന സിപിഎം ധാര്‍ഷ്ട്യം പി ജയരാജന്റെ കീഴടങ്ങലോടുകൂടി അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണമെന്ന് സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരും ആര്‍എസ്എസുമായുള്ള ഗൂഢാലോചനയാണ് പി ജയരാജന്റെ അറസ്റ്റിനു പിന്നിലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോടോ, ആഭ്യന്തരവകുപ്പിനോടോ ചോദിച്ചല്ല സിബിഐ നടപടി സ്വീകരിക്കുന്നത്. ജയരാജന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനു പങ്കില്ല. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള ആര്‍ജവം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാട്ടണമെന്നും ചെന്നിത്തല പറഞ്ഞു.
ആജീവനാന്തം ജയിലില്‍ കഴിയേണ്ടയാളാണ് പി ജയരാജനെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. ജില്ലയില്‍ നടന്ന ഏഴു കൊലപാതക കേസുകള്‍ സിബിഐ അന്വേഷിച്ചാല്‍ ഏഴിലും പി ജയരാജന്‍ പ്രതിസ്ഥാനത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it