Middlepiece

ഉന്മാദ ദേശീയതയുടെ പെരുമ്പറകൊട്ടല്‍

വസീം

കഴിഞ്ഞ കുറേ ദിവസങ്ങളായി ജെഎന്‍യുവിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും അത്ര സുഖമുള്ളതല്ല. ചില ദൈനംദിന അനുഭവങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. കാംപസിലേക്കു വരാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നു. നിന്നെ കണ്ടാല്‍ ജെഎന്‍യുക്കാരെപ്പോലെയുണ്ടെന്നു പറഞ്ഞ് യുവാക്കളെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുക്കുന്നു. ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് താമസസ്ഥലം നല്‍കാന്‍ പലരും മടിക്കുന്നു. പണ്ടൊക്കെ ഇത് കശ്മീരി വിദ്യാര്‍ഥികളുടെയോ ചില മുസ്‌ലിം വിദ്യാര്‍ഥികളുടെയോ മാത്രം അനുഭവമായിരുന്നു. ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറി വെബ്‌സൈറ്റടക്കം ഹാക്ക് ചെയ്യപ്പെടുന്നു. ജെഎന്‍യുവില്‍നിന്നുള്ള പ്രഫസറെ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ പരിപാടിക്കിടെ എബിവിപിക്കാര്‍ ആക്രമിക്കുന്നു. കോടതിയില്‍ ജാമ്യാപേക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിനെയും അധ്യാപകരെയും കോടതിവളപ്പില്‍ ആര്‍എസ്എസ് അനുകൂല അഭിഭാഷകരും ഗുണ്ടകളും ചേര്‍ന്നു മര്‍ദ്ദിക്കുന്നു.
ഇന്ത്യന്‍ സമൂഹത്തിലെ അനീതികളുടെ എല്ലാ ബലതന്ത്രങ്ങളും ജെഎന്‍യു എന്ന പുരോഗമന കാംപസിലുമുണ്ട്. ജെഎന്‍യുവില്‍ എബിവിപി പയറ്റുന്ന രാഷ്ട്രീയതന്ത്രം സാമൂഹികനീതിക്കായുള്ള പോരാട്ടത്തെ ഇല്ലാതാക്കാന്‍കൂടിയാണ്. ഇപ്പോഴത്തെ സംഘര്‍ഷത്തിന് ആഴ്ചകള്‍ക്കുമുമ്പ് ജെഎന്‍യു ചര്‍ച്ചചെയ്തത് എസ്‌സി, എസ്ടി, ഒബിസി സംവരണ സീറ്റുകളില്‍ ഈ വിദ്യാഭ്യാസ സ്ഥാപനം നടത്തിയ അട്ടിമറിയുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര പഠനവിഭാഗത്തിലെ ദലിത് ഗവേഷകവിദ്യാര്‍ഥി മദന്‍ മെഹര്‍ വൈസ് ചാന്‍സലര്‍ക്ക് തുറന്ന ആത്മഹത്യാക്കുറിപ്പെഴുതിയത്. അധ്യാപകര്‍ തനിക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഞങ്ങള്‍ കൊടുത്ത വിവരാവകാശ നിയമപ്രകാരം അറിഞ്ഞത് പ്രസ്തുത പഠനവിഭാഗത്തില്‍ ഇന്നേവരെ എസ്‌സി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ഥിക്കുപോലും പിഎച്ച്ഡി നല്‍കിയിട്ടില്ല എന്നാണ്. ഈ സമരങ്ങളോട് എബിവിപി ഒരിക്കലും അനുഭാവപൂര്‍ണമായല്ല പ്രതികരിച്ചത്. മാത്രമല്ല, എബിവിപിയുടെ ജാതിയജണ്ടകളെ തുറന്നുകാട്ടി കാംപസില്‍ ഉയര്‍ന്നുവരുന്ന അംബേദ്കറേറ്റ് വിദ്യാര്‍ഥി സംഘടനകളെ വളരാന്‍ അനുവദിക്കാതിരിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
ഈ സംഘടനകള്‍ 'കാസ്റ്റ് ഓണ്‍ മെനു കാര്‍ഡ്', 'മുസഫര്‍നഗര്‍ ബാക്കി ഹെ' എന്നീ ഡോക്യുമെന്ററികള്‍ കാംപസില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആക്രമണമഴിച്ചുവിട്ടത് എബിവിപിയായിരുന്നു. കേന്ദ്രഭരണം മുതലെടുത്തുള്ള ഉന്മാദ ദേശീയതയുടെ ഈ കടന്നുവരവിന് കീഴാളരുടെ സാമൂഹികനീതിക്കായുള്ള അന്വേഷണങ്ങളെ അപ്രത്യക്ഷമാക്കാന്‍ കഴിയുമെന്ന് എബിവിപി കണക്കുകൂട്ടുന്നുണ്ട്. അധീശ ദേശീയതയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന സാമൂഹികനീതിയുടെ പ്രശ്‌നങ്ങള്‍ സംസാരിക്കുന്ന വിദ്യാര്‍ഥികളെയും സ്വതന്ത്ര കൂട്ടായ്മകളെയും ഭയപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് ജെഎന്‍യുവില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ വേട്ടയാടപ്പെടുകയോ ചെയ്യുന്ന വിദ്യാര്‍ഥികളുടെ സാമൂഹികസ്ഥാനം ഒന്നുകില്‍ ബഹുജനോ ദലിതോ മുസ്്‌ലിമോ ആവുന്നത് ഒട്ടും യാദൃച്ഛികമല്ല. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും ഭരണകൂടത്തിന്റെ പ്രധാന ഉന്നം ഉമര്‍ ഖാലിദ് എന്ന മുന്‍ ഡിഎസ്‌യു (ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂനിയന്‍) പ്രവര്‍ത്തകനാണ്. എന്തുകൊണ്ട് ഉമര്‍ ഖാലിദ് ഇന്ന് ഇന്ത്യ മുഴുവന്‍ തീവ്രവാദിയായി അവതരിപ്പിക്കപ്പെടുന്നുവെന്ന ചോദ്യം ഇവിടെ പ്രധാനമാണ്. ഇതു സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ മുസ്‌ലിംവിരുദ്ധതയെക്കൂടി തുറന്നുകാട്ടുന്നുണ്ട്. ഇന്ത്യയിലെ ആദിവാസികളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് പഠനം നടത്തുന്ന ഒരു വിദ്യാര്‍ഥിയാണ് ഉമര്‍ ഖാലിദ്. അവനെയാണ് ഇപ്പോള്‍ ചിലര്‍ ഇന്ത്യാവിരുദ്ധനെന്നു മുദ്രകുത്തുന്നത്. ദലിതരും ആദിവാസികളും സ്ത്രീകളും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുമടക്കം അവഗണനയനുഭവിക്കുന്ന സമൂഹത്തിന് ഐക്യദാര്‍ഢ്യമായാണ് ഉമര്‍ ഖാലിദെന്ന വിദ്യാര്‍ഥി സംസാരിച്ചതെന്നതിന് ഈ കാംപസിലെ വിദ്യാര്‍ഥികള്‍ മുഴുവന്‍ സാക്ഷിയാണ്.
എന്നാല്‍, അവനെ കൊല്ലാനായി കാത്തുനില്‍ക്കുന്ന ഒരു ജനത്തെയാണ് വലതുപക്ഷ മാധ്യമങ്ങളും സംഘപരിവാരവും ഉണ്ടാക്കിയെടുത്തത്.  ജെഎന്‍യുവിലെ മുസ്‌ലിം തീവ്രവാദത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ് എന്നിത്യാദി വിശേഷണങ്ങള്‍ ആര്‍എസ്എസ് മാധ്യമങ്ങള്‍ ഉമറിനു പതിച്ചുനല്‍കുന്നു. ഉമറിന് ജയ്‌ശെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പിന്നീട് ആഭ്യന്തരമന്ത്രാലയം അതു തള്ളിക്കളഞ്ഞെങ്കിലും എത്രയാളുകളുടെ മനസ്സിലാണ് അവര്‍ സംശയത്തിന്റെ വിത്തുകള്‍ പാകിയത്. ഉമര്‍ തീവ്രവാദിയാണെന്നും അവനെ കണ്ടാല്‍ കൊല്ലണമെന്നും പോസ്റ്ററുകള്‍ ഡല്‍ഹിയിലും മറ്റും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഉമറിന്റെ കാര്യത്തില്‍ ഐഎസ്, എസ്എഫ്‌ഐ, എഐഎസ്എഫ് പോലുള്ള ഇടതു വിദ്യാര്‍ഥിസംഘടനകള്‍ ഇപ്പോഴും പുലര്‍ത്തുന്ന തന്ത്രപരമായ മൗനം ഒരിക്കലും ഫാഷിസത്തിനെതിരായ ഫലപ്രദമായ ചെറുത്തുനില്‍പ്പിനെ സഹായിക്കുമെന്ന് തോന്നുന്നില്ല. ഇത്ര വലിയ പ്രചാരണമുണ്ടായിട്ടും ഉമറിനെതിരേ നടക്കുന്ന യക്ഷിവേട്ട ജെഎന്‍യുവിനകത്തുപോലും വളരെ വൈകിയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.
ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും പത്രറിപോര്‍ട്ടുകളും മീഡിയ വിചാരണയുടെ ക്രൂരത വെളിപ്പെടുത്തുന്നതായിരുന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളെ അവഗണിച്ച് സംഘപരിവാര പ്രൊപഗണ്ടയ്ക്ക് നിലമൊരുക്കുകയായിരുന്നു മാധ്യമങ്ങള്‍. അര്‍നബ് ഗോസ്വാമി ജെഎന്‍യു വിദ്യാര്‍ഥികളെ ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി പറഞ്ഞത്, നിനക്കൊന്നും സംസാരിക്കാന്‍ അവകാശമില്ല. നീയൊക്കെ തീവ്രവാദിയാണ്, രാജ്യദ്രോഹിയാണ് എന്നൊക്കെയായിരുന്നു. ഹിന്ദി മാധ്യമങ്ങള്‍ പരിധിവിട്ട ദേശവികാരമാണു പ്രകടിപ്പിക്കുന്നത്. ഞങ്ങളുടെ ഹോസ്റ്റല്‍ മെസ്സില്‍ കയറിവന്ന ഒരു ചാനല്‍ റിപോര്‍ട്ടര്‍ ഭക്ഷണത്തിലേക്ക് കാമറ വച്ച് പറഞ്ഞത്, തീവ്രവാദികളായ ജെഎന്‍യുക്കാര്‍ കഴിക്കുന്ന സബ്‌സിഡി ഭക്ഷണം എന്നാണ്. കോടതി വിചാരണയ്ക്കു മുമ്പേ മാധ്യമങ്ങള്‍ ആര്‍എസ്എസിനു വേണ്ടി ജെഎന്‍യു വിദ്യാര്‍ഥികളെ വിചാരണ ചെയ്തുകഴിഞ്ഞു എന്നത് മാധ്യമങ്ങളുടെ തീവ്ര വലത് രാഷ്ട്രീയത്തെ വെളിവാക്കുന്നുണ്ട്. ജെഎന്‍യുവില്‍ ശക്തിപ്പെടുന്ന സാമൂഹികനീതിയുടെ രാഷ്ട്രീയത്തെ ഉന്മാദ ദേശീയതയുടെ മറപിടിച്ച് ഇല്ലാതാക്കാനാണ് മാധ്യമങ്ങളും സംഘപരിവാരവും ശ്രമിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള ഫാഷിസ്റ്റ് ഭീഷണിയെ എതിര്‍ത്തു തോല്‍പിക്കാന്‍ ഓരോ ജനാധിപത്യവിശ്വാസിയും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സന്ദര്‍ഭമാണിത്.                  ി

(ജെഎന്‍യുവില്‍ ലോ ആന്റ് ഗവേണന്‍സ് വിഭാഗത്തില്‍ ഗവേഷകനാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it