Idukki local

ഉന്നും ചെഗുവേരയും നെടുങ്കണ്ടത്ത് എത്തുമ്പോള്‍ വിവാദമാവുന്നു

തോമസ്  ജോസഫ്

കട്ടപ്പന: ഉത്തരകൊറിയന്‍ ഭരണാധികാരി ഉന്നായാലും അന്തരിച്ച ക്യൂബന്‍ വിപ്ലവകാരി ചെഗുവേരയായാലും നെടുങ്കണ്ടത്ത് എത്തുമ്പോള്‍ വിവാദമാവുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടന്ന നെടുങ്കണ്ടം ലോക്കല്‍, ഏരിയ സമ്മേളനങ്ങളിലാണ് ഉന്ന് വിവാദമായത്. ചാനലുകളില്‍ മാത്രം കണ്ടിരുന്ന ഉന്ന് ഫ്‌ലക്‌സ് ബോര്‍ഡില്‍ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിരയില്‍ സ്ഥാനം പിടിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു. അമേരിക്കയ്ക്കും ട്രംപിനും ഉന്ന് അനഭിമതനായതുകൊണ്ട് തങ്ങള്‍ക്കും അങ്ങനെ ആയേ പറ്റൂ എന്നായി വിവാദം കത്തിച്ചവര്‍ കണ്ടത്.
ഏതായാലും പാര്‍ട്ടി സമ്മേളനങ്ങള്‍ അവസാനിക്കുവോളം ഉന്ന് നാട്ടില്‍ ചര്‍ച്ചാവിഷയമായി കത്തിനിന്നു. അതിന്റെ പൊടിയടങ്ങിയതേയുള്ളൂ, അടുത്ത കമ്മ്യൂണിസ്റ്റ് ആചാര്യന്‍ നെടുങ്കണ്ടത്ത് വിവാദമായിക്കഴിഞ്ഞു. എസ്എഫ്‌ഐ റോഡില്‍ വരച്ച ചെഗുവേരയുടെ ചിത്രം എസ്‌ഐ റോഡില്‍നിന്നു മായ്പ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സിപിഎം പ്രവര്‍ത്തകരുടെ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷന്‍ ഉപരോധം, സ്വന്തം മണ്ഡലത്തില്‍ നടന്ന സംഭവമായതിനാല്‍ മണിയാശാന്റെ ഇടപെടല്‍ ഇവയൊക്കെ പിന്നാലെയുണ്ടായി. സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കകം എസ്‌ഐയ്ക്ക് സ്ഥലംമാറ്റവുമായി.
കഴിഞ്ഞ ദിവസം രാത്രി വട്ടപ്പാറയിലെ കോളജിനു സമീപം വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകരാണ് റോഡില്‍ ചെഗുവരെയുടെ ചിത്രം വരച്ചത്. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥി സംഘടനകള്‍ സംഘടനകളുടെ പേരും ചിത്രങ്ങളും റോഡില്‍ രേഖപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലും വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ചിത്രങ്ങളും സംഘടനകളുടെ പേരും സ്ഥാപിച്ചിരുന്നു. വാഹനതിരക്ക് കുറയുന്ന സമയമായ രാത്രിയിലാണ് വിദ്യാര്‍ഥികള്‍ റോഡില്‍ ചെഗുവേരയുടെ ചിത്രം വരച്ചത്. ഇതിനിടെ പട്രോളിങിനെത്തിയ നെടുങ്കണ്ടം എസ്‌ഐ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകരെ വിരട്ടുകയും ചെഗുവേരയുടെ ചിത്രം മായ്ക്കുകയും ചെയ്തു. ചെഗുവരെ ചിത്രം വരച്ച വിദ്യാര്‍ഥികളോട് പിറ്റേന്ന് നെടുങ്കണ്ടം സ്‌റ്റേഷനില്‍ ഹാജരാവണമെന്നും വന്നില്ലെങ്കില്‍ കേസെടുക്കുമെന്നും പറഞ്ഞു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സിപിഎം നേതാക്കളെ കൂട്ടി പിറ്റേന്ന് സ്‌റ്റേഷനിലെത്തി.
സ്‌റ്റേഷനിലെത്തിയ നേതാക്കള്‍ ചെഗുവേര ചിത്രം നീക്കം ചെയ്തത് ചോദ്യം ചെയ്തതോടെ എസ്‌ഐയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വക്കേറ്റമുണ്ടായി. തുടര്‍ന്ന് സിപിഎം നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി എം ജോണിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. അരമണിക്കുറോളം സിപിഎം പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഉപരോധ സമരം തീര്‍പ്പാക്കി. ഇതിനു പിന്നാലെ നെടുങ്കണ്ടം എസ്‌ഐ എം പി സാഗറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. പുതിയ എസ്‌ഐയായി ശ്യാംകുമാറിനെ നിയമിച്ചു. ചാര്‍ജെടുത്ത് ഏഴാം ദിവസമാണ് എം പി സാഗറിനെ നെടുങ്കണ്ടത്തുനിന്നു നീക്കം ചെയ്തത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ്‌ഐ എം പി സാഗര്‍ പറഞ്ഞു.
സംസ്ഥാനപാതയില്‍ റോഡില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് കുറ്റകരമാണ്. ഇക്കാരണത്താലാണ് ചിത്രം മായ്ക്കാന്‍ ആവശ്യപ്പെതെന്നും എസ്‌ഐ അറിയിച്ചു. അതല്ല, എസ്‌ഐക്ക് നെടുങ്കണ്ടത്ത് ഇരിക്കാന്‍ വൈമനസ്യമുള്ളതിനാല്‍ സിപിഎമ്മുമായി ഒന്ന് കൊമ്പുകോര്‍ത്തതാണെന്നുംചെറിയൊരു ശ്രുതിയുണ്ട്. അടുത്തത് ഏത് കമ്മ്യൂണിസ്റ്റ് ആചാര്യനാണ് വിവാദത്തിനു കാരണമാവുകയെന്നാണ് നെടുങ്കണ്ടത്തുകാര്‍ ചോദിക്കുന്നത്.
Next Story

RELATED STORIES

Share it