ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഗൗരവമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറണം. പരീക്ഷ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും സമയക്ലിപ്തത ഉണ്ടാവണം. സാങ്കേതിക സര്‍വകലാശാലയുടെ ഗവേണിങ് ബോഡി ഉടനെ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ അഭിപ്രായമാരായാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക-വിദ്യാര്‍ഥി ബന്ധം പവിത്രമായി കാണണം. ഈ ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. കലാലയങ്ങളിലെ സംഘര്‍ഷം ഒഴിവാക്കാന്‍ വിദ്യാര്‍ഥി സംഘടനകളും ശ്രദ്ധിക്കണം. വിദ്യാഭ്യാസ കാര്യങ്ങളില്‍ നാടാകെ തല്‍പരരാണ്. എന്നാല്‍, അധ്യാപകരും വിദ്യാര്‍ഥികളുമാണ് ആ രംഗത്ത് നേരിട്ട് ഇടപെടുന്നത്. അതിനാലാണ് വിദ്യാര്‍ഥി സമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാര്‍ഥിവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണമെന്ന നിലപാടു തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളില്‍ മദ്യവും മയക്കുമരുന്നും വ്യാപിക്കുന്നതിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ ജാഗ്രത പാലിക്കണം. വയനാട് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെട്ട 51 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it