Pravasi

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം : കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി



ദോഹ: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഡപ്യൂട്ടി പ്രധാനമന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും നടത്തിപ്പിനുള്ള ലൈസന്‍സ് നടപടികള്‍ നിര്‍ണയിക്കുന്നത് സംബന്ധിച്ചും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് നിയമം തയ്യാറാക്കിയത്. ഇതുപ്രകാരം പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ ഉന്നത വിദ്യാഭ്യാസ നയ കൗണ്‍സില്‍ രൂപീകരിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കും കൗണ്‍സിലിന്റെ അധ്യക്ഷന്‍. ഒരു ഉപാധ്യക്ഷനും ഉന്നത അക്കാഡമിക് യോഗ്യതകളും അനുഭവസമ്പത്തുമുള്ള ഒന്‍പത് അംഗങ്ങളും കൗണ്‍സിലിലുണ്ടായിരിക്കും. മന്ത്രാലയത്തിന്റെ പ്രതിനിധികള്‍,  സര്‍ക്കാര്‍, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍മാര്‍ അംഗങ്ങളായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള നയങ്ങളും പദ്ധതികളും തയാറാക്കുന്നത് സംബന്ധമായ ഉത്തരവാദിത്വം കൗണ്‍സിലിനായിരിക്കും.  സ്വകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സിനാവശ്യമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയും നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക, ലൈസന്‍സ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുക, സ്വകാര്യസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അനുമതി തുടങ്ങിയ കാര്യങ്ങളും ഉന്നതവിദ്യാഭ്യാസ പോളിസി കൗണ്‍സിലിന്റെ പ്രവര്‍ത്തനപരിധിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പൊതുപദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നയങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ക്യാബിനറ്റ് നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. കമ്മിറ്റി ഓണ്‍ പോളിസീസ് ഫോര്‍ ഫിനാന്‍സിങ് സ്്‌റ്റേറ്റ് പ്രൊജക്റ്റ്‌സ് എന്നായിരിക്കും കമ്മിറ്റി അറിയപ്പെടുക.
Next Story

RELATED STORIES

Share it