Flash News

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുനസ്സംഘടിപ്പിക്കാന്‍ നിയമഭേദഗതി



തിരുവനന്തപുരം: ഡോ. രാജന്‍ ഗുരുക്കള്‍ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് (2007) ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഈ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുനസ്സംഘടിപ്പിക്കും. ഭേദഗതിയനുസരിച്ച്, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കീഴില്‍ ഇനി ഉപദേശക കൗണ്‍സിലുകള്‍ക്ക് പകരം ഉപദേശക ബോഡികള്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ മാനവവിഭവ വികസന മന്ത്രാലയത്തിന് കീഴിലുള്ള ഉച്ഛതര്‍ ശിക്ഷാ അഭിയാന്റെ (റൂസ) മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, എറണാകുളം ജില്ലയിലെ മഞ്ഞള്ളൂള്‍ എന്നിവിടങ്ങളില്‍ പുതിയ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതിന് ആവശ്യമായ 16 തസ്തികകള്‍ സൃഷ്ടിക്കും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ല- ജനറല്‍- താലൂക്ക് ആശുപത്രികളില്‍ 197 സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2), 84 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 തസ്തികകള്‍ സൃഷ്ടിക്കും. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കും. ജയില്‍ വകുപ്പില്‍ 25 പ്രിസണ്‍ ഓഫിസര്‍ കം ഡ്രൈവര്‍ തസ്തികകളും കേരള ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് 33 തസ്തികകളും സൃഷ്ടിക്കാനും തീരുമാനിച്ചു. പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ ട്രെയിനിങ് സെന്ററും എയര്‍ സ്ട്രിപ്പും നിര്‍മിക്കുന്നതിന് എന്‍സിസി വകുപ്പിന് അനുമതി നല്‍കും. ഭൂമിയുടെ ഉടമാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് അനുമതി നല്‍കുന്നത്.പൊതുമരാമത്ത് വകുപ്പില്‍ റോഡ് പരിപാലനത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കാനും തീരുമാനമായി. ഇതിനായി ഒരു ചീഫ് എന്‍ജിനീയറുടെ തസ്തിക സൃഷ്ടിക്കും.
Next Story

RELATED STORIES

Share it