ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രത്യേക സോണുകള്‍ ലക്ഷ്യം വിദ്യാഭ്യാസ കച്ചവടം

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കുന്നവര്‍ക്കായി പ്രത്യേക ഉന്നത വിദ്യാഭ്യാസമേഖലകള്‍ (ഇന്റര്‍നാഷനല്‍ ഹയര്‍ എജ്യൂക്കേഷന്‍ സോണുകള്‍) അനുവദിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നു വിലയിരുത്തല്‍.
സ്വകാര്യ സംരംഭമായി വരുന്ന പ്രത്യേക മേഖലകളില്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമുണ്ടാവില്ല. വിദ്യാഭ്യാസ സോണുകള്‍ക്ക് പ്രത്യേക നിയമമായിരിക്കും ബാധകമാവുക. അതിനാല്‍, സര്‍ക്കാരിന് ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താനുമാവില്ല. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യ കുത്തകകള്‍ക്ക് വന്‍തോതിലുള്ള വിദ്യാഭ്യാസക്കച്ചവടത്തിനായിരിക്കും പുതുതായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികള്‍ വഴിയൊരുക്കുക. 20 ഏക്കര്‍ സ്ഥലവും ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ നടത്തി അഞ്ചുവര്‍ഷത്തെ പരിചയവും വിദേശസര്‍വകലാശാലകളുമായുള്ള ധാരണാപത്രവുമുണ്ടെങ്കില്‍ ആര്‍ക്കും പ്രത്യേക വിദ്യാഭ്യാസ സോണുകള്‍ ആരംഭിക്കാം. പ്രത്യേക സാമ്പത്തികമേഖലയ്ക്കു സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ ഇവര്‍ക്കും ബാധകമായിരിക്കും. ഭൂമി രജിസ്‌േട്രഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയിലും 10 വര്‍ഷത്തേക്ക് കേന്ദ്ര-സംസ്ഥാന നികുതിയിലും ഇളവു നല്‍കും. ഈ കേന്ദ്രങ്ങളിലേക്ക് വൈദ്യുതി, വെള്ളം, റോഡ് സൗകര്യം, ഇന്റര്‍നെറ്റ് എന്നിവ സൗജന്യമായി നല്‍കും. ഈ ഭൂമിയില്‍ വിദ്യാഭ്യാസ അനുബന്ധവ്യവസായങ്ങള്‍ തുടങ്ങാനും അനുമതിയുണ്ട്. അതേസമയം, ഈ സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഒരുവിധത്തിലുള്ള സംവരണാനുകൂല്യങ്ങളുമുണ്ടാവില്ല. പണമുള്ളവര്‍ക്ക് മാത്രം പ്രാപ്യമാവുന്ന വിധമാണ് കോഴ്‌സുകളുടെ ഫീസ് നിശ്ചയിക്കുക.
പ്രത്യേക വിദ്യാഭ്യാസ സോണുകള്‍ക്കായി സംസ്ഥാനത്തിനകത്തുനിന്ന് ഇതിനകം തന്നെ 10 പേര്‍ ശ്രമം നടത്തിയതായാണ് വിവരം. ജനുവരി 29, 30 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമാവും. വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ഉന്നത വിദ്യാഭ്യാസവകുപ്പും മുഖേനയാണ് വിദേശ സര്‍വകലാശാലകളെ സര്‍ക്കാര്‍ കേരളത്തിലേക്കു ക്ഷണിക്കുന്നത്.
ബ്രിട്ടന്‍, അമേരിക്ക, ആസ്‌ത്രേലിയ, ജര്‍മനി, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ വന്‍കിട വിദ്യാഭ്യാസസ്ഥാപനങ്ങളാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. എയ്ഡഡ് കോളജുകള്‍ക്ക് സ്വാശ്രയരീതിയിലും വിദേശകോഴ്‌സുകള്‍ തുടങ്ങാം. കോഴ്‌സുകള്‍ക്ക് ഫീസും സിലബസും നിശ്ചയിക്കുന്നത് വിദേശ സര്‍വകലാശാലകളാണ്. വരുമാനത്തിന്റെ 25 ശതമാനം ലൈസന്‍സ് ഫീസായി നല്‍കണം. ഈ തുക സ്വദേശി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കും.
എന്‍ജിനീയറിങിനു പുറമേ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍, എന്റര്‍ടെയിന്‍മെന്റ്, സൈബര്‍ സെക്യൂരിറ്റി, ബിസിനസ്, മെഡിസിന്‍ എന്നിവയില്‍ വിദഗ്ധപഠനത്തിന് അവസരമുണ്ടാവും. പ്രത്യേക സോണുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും മേല്‍നോട്ടത്തിനായി രൂപീകരിച്ച അക്കാദമിക് സിറ്റി അതോറിറ്റിയായിരിക്കും.
മുന്തിയ വിദേശ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തില്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിനും മറ്റുമുള്ള സന്നദ്ധസ്ഥാപനങ്ങള്‍ അക്കാദമിക് സിറ്റി അതോറിറ്റിയെ ബോധ്യപ്പെടുത്തണം. അക്കാദമിക, ഗുണപരിശോധനാ ഓഡിറ്റ് അതോറിറ്റിയായിരിക്കും നടത്തുക.
Next Story

RELATED STORIES

Share it