ഉന്നത വിദ്യാഭ്യാസത്തിലെ ജാതി

ശ്രീധര്‍  വിന്നകോട്ട
എല്ലാ മൃഗങ്ങളും തുല്യരാണ്; എന്നാല്‍, ചില മൃഗങ്ങള്‍ ചിലരേക്കാള്‍ തുല്യരാണെന്ന് ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെപ്പറ്റി ആയിരിക്കണം. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനു ശേഷവും പൊതുവ്യവഹാരങ്ങളില്‍ ജാതിക്കാണ് മുന്‍തൂക്കം. രാഷ്ട്രശില്‍പികള്‍ ഇന്ത്യയുടെ സങ്കീര്‍ണമായ ചരിത്രവും പാരമ്പര്യവും അറിയുന്നവരും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരുമായിരുന്നു. ഭരണഘടനയ്ക്കു രൂപം നല്‍കുന്നതിനു നേതൃത്വം നല്‍കിയ മഹാനാകട്ടെ, ജാതിപീഡനത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ചവനും.
അവര്‍ ഇന്ത്യന്‍ സമൂഹത്തില്‍ ജാതിക്ക് ആഴത്തില്‍ വേരുകളുണ്ടെന്നു മനസ്സിലാക്കുന്നതില്‍ പരാജയമടഞ്ഞുവോ? കാലബന്ധിതമായ ചെറിയ പരിഹാര പദ്ധതികളിലൂടെ ജാതിചിന്തയെ മറികടക്കാമെന്ന് അവര്‍ കരുതിയോ? അല്ലെങ്കില്‍ അബോധമനസ്സില്‍ അവരും ജാതിചിന്തയുള്ളവര്‍ ആയിരുന്നുവോ? ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവ്യവസ്ഥയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. പല തരം അവതാരങ്ങളാണ് സര്‍വകലാശാലാ വിദ്യാഭ്യാസം ജാതികളുടെ കൈയില്‍ തന്നെയിരിക്കുമെന്ന് ഉറപ്പുവരുത്തുന്നത്.
ഇന്ത്യയില്‍ ഏകദേശം 800 സര്‍വകലാശാലകളും 40,000ഓളം ഡിഗ്രി കോളജുകളുമുണ്ട്. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 20 സര്‍വകലാശാലകളും 500 ഡിഗ്രി കോളജുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏതാണ്ട് മൂന്നര കോടി പേര്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാത്യാതീതമായി ഏവര്‍ക്കും കവാടങ്ങള്‍ തുറന്നുവയ്ക്കുന്നുണ്ടോ?
ഈ സ്ഥാപനങ്ങളുടെ ഉച്ചിയില്‍ നില്‍ക്കുന്നത് മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ്, ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് തുടങ്ങിയവയാണ്.
ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലയില്‍ മികച്ച സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയെന്ന സദുദ്ദേശ്യത്തോടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതിയായ ഫണ്ടും സ്വയംഭരണവും നല്‍കിയത്. അവ പ്രതീക്ഷയ്‌ക്കൊത്തു പ്രവര്‍ത്തിച്ചു എന്നതില്‍ സംശയമില്ല. ഈ സ്ഥാപനങ്ങളില്‍ ജോലി കിട്ടുകയെന്നത് പലരും ഏറ്റവുമധികം താലോലിക്കുന്ന അഭിലാഷമാണ്. ഈ ദന്തഗോപുരങ്ങളില്‍ ജോലി നേടുന്നവര്‍ക്ക് അധ്യാപനം തുടങ്ങിയ 'താഴ്ന്ന' പണിയൊന്നും ചെയ്യാതെ ഗവേഷണം നടത്താം. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങിവച്ചവര്‍ അതായിരുന്നോ ലക്ഷ്യംവച്ചിരുന്നത്? അങ്ങനെയാവാന്‍ വഴിയില്ല. ഈ ദന്തഗോപുരവാസികളില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് നമുക്കു ലഭിക്കുന്നത്.
സ്വാതന്ത്ര്യപ്പുലരിയില്‍ പരിമിത വിഭവത്തോടെയാണെങ്കിലും അലഹബാദ്, ആഗ്ര, ബോംബെ, കല്‍ക്കത്ത, ഡല്‍ഹി, മദ്രാസ്, മൈസൂര്‍, ഉസ്മാനിയ എന്നീ സര്‍വകലാശാലകള്‍ അധ്യാപനത്തില്‍ മാത്രമല്ല, ഗവേഷണത്തിലും ഏതാണ്ട് ഉന്നതമായ നിലവാരം പുലര്‍ത്തിയിരുന്നു. നടേ പറഞ്ഞ ഉന്നത ഗവേഷണ സ്ഥാപനങ്ങള്‍ അവയ്ക്ക് ഇരട്ടിയാഘാതമായി. സര്‍വകലാശാലകളില്‍ ഗവേഷണത്തിനു നല്‍കിയിരുന്ന ഗ്രാന്റ് വെട്ടിച്ചുരുക്കി.
തുടര്‍ന്ന് ക്രമേണയായി ഈ സര്‍വകലാശാലകളിലെ ഗവേഷകരുടെ എണ്ണവും കുറഞ്ഞു. കൊട്ടക്കണക്കിനു ബിരുദധാരികളെ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളായി അവ മാറി. സമര്‍ഥന്‍മാരായ വിദ്യാര്‍ഥികളും പ്രതിഭാശാലികളായ ഗവേഷകരും തമ്മില്‍ യാതൊരു ബന്ധവുമില്ലാതായി. വിരോധാഭാസമെന്നു പറയട്ടെ, നിലവാരത്തകര്‍ച്ച നേരിട്ട ഈ സര്‍വകലാശാലകളില്‍ നിന്നാണ് ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കുട്ടികളെ ലഭിച്ചത്. അവരെ ഗവേഷണവിദ്യ പഠിപ്പിക്കേണ്ട ഗതികേടിലായി സ്ഥാപനങ്ങള്‍.
തുടക്കം അങ്ങനെയായിരുന്നില്ല. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യം ബോംബെ സര്‍വകലാശാലയുടെ കീഴിലായിരുന്നു. മറ്റു സ്ഥാപനങ്ങളും കല്‍ക്കത്ത, ജാദവ്പൂര്‍, മദ്രാസ്, മൈസൂര്‍ തുടങ്ങിയ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നു. അവയ്ക്കു സ്വയംഭരണം നല്‍കിയതിന്റെ കാരണം നേരത്തേ സൂചിപ്പിച്ചു.
യഥാര്‍ഥത്തില്‍ പഠനവും ഗവേഷണവും ഒന്നിച്ചു കൊണ്ടുപോവുകയായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ധനശാസ്ത്ര സ്ഥാപനങ്ങളില്‍പ്പെട്ട ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലും കല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും രണ്ടും തമ്മില്‍ സംയോജിപ്പിക്കപ്പെട്ടതുകൊണ്ട് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകള്‍ അതാണ് ചെയ്യുന്നത്. നൊബേല്‍ സമ്മാനവും ഫീല്‍ഡ്‌സ് മെഡലുമൊക്കെ അടിച്ചെടുക്കുന്ന അധ്യാപകരാണ് അത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ഗവേഷണം മാത്രം നടക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ലോകനിലവാരമുള്ള നേട്ടങ്ങള്‍ വളരെ ചുരുക്കമാണ്. കൃത്യമായി പറഞ്ഞാല്‍ ഏഴെണ്ണം.
ലോകാടിസ്ഥാനത്തില്‍ തന്നെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനു പേരുകേട്ട ഐഐടികള്‍ക്ക് അനുകൂലമായ ഒരുപാട് ഘടകങ്ങളുണ്ട്. ഒരുപാട് ഫണ്ട്, ഏതാണ്ട് പൂര്‍ണമായ സ്വയംഭരണം, മികച്ച പഠിതാക്കള്‍, സല്‍പ്പേര് എന്നിവയൊക്കെ. എന്നാല്‍, ഐഐടിയില്‍ നിന്നു പുറത്തിറങ്ങുന്ന പലരും അക്കരപ്പച്ച നോക്കി നേരെ കടല്‍ കടക്കുന്നു. മാതൃഭൂമിയോടുള്ള സ്‌നേഹം കൊണ്ട് സുഖം കുറഞ്ഞ ഒരു ചുറ്റുപാടില്‍ അവര്‍ ജീവിക്കുമെന്നു കരുതിയത് തെറ്റ്.
ഐഐടി എന്ന ബ്രാന്‍ഡ് വികൃതമായ ഒരു സത്യം മൂടിവയ്ക്കുന്നുണ്ട്. പ്രവേശനപ്പരീക്ഷ എഴുതാന്‍ പരിശീലനം ലഭിച്ചവരാണ്, അല്ലാതെ പ്രതിഭ കൂടിയവരല്ല അവിടെ കടന്നുകൂടുന്നത്. അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള അതിനായി വക്രീകരിച്ച പരീക്ഷയിലൂടെ പ്രവേശനം നിയന്ത്രിക്കുന്ന വന്‍മതില്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു. അതു കാരണം വളരെ ചെലവു കൂടിയ പരീക്ഷാ പരിശീലന വ്യവസ്ഥ സമാന്തരമായി വളര്‍ന്നുവന്നിരിക്കുന്നു.
ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പ്രവേശനപ്പരീക്ഷ മുന്‍ഗണന നല്‍കുന്നത്. വിദ്യാര്‍ഥികളുടെ അന്വേഷണകൗതുകമോ ബുദ്ധിവൈഭവമോ പരിശോധിക്കാതെ കംപ്യൂട്ടര്‍ ചെയ്യുന്ന ജോലികളാണ് വിദ്യാര്‍ഥികള്‍ ചെയ്യുന്നത്. പരീക്ഷാ പരിശീലനത്തിനു വലിയ ചെലവു വരുന്നതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും ഈ സ്ഥാപനങ്ങള്‍ പൊതുവില്‍ അപ്രാപ്യമാണ്. ബോധപൂര്‍വം ഉണ്ടാക്കിയ ഈ വേറിടലിന് ആഘാതങ്ങള്‍ അനവധിയാണ്.
ഐഐടികളുടെ ദരിദ്രരായ മച്ചുനന്‍മാരാണ് എന്‍ഐടികള്‍. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ധനസഹായവും സംരക്ഷണവും ഉണ്ടെങ്കിലും ഇവ ഐഐടികളോട് ഒരുതരത്തിലും കിടപിടിക്കില്ല. എന്നാല്‍, ഇന്ത്യയിലെ ഘനവ്യവസായ മേഖലയ്ക്ക് എന്‍ഐടികള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. കാരണം, അവിടെ നിന്നു പഠിച്ചിറങ്ങുന്നവര്‍ അധികവും നാട്ടില്‍ തങ്ങുന്നു. പുതുതായി ഉയര്‍ന്നുവന്നിരിക്കുന്ന ഐസര്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങളും ഐഐടികളെയാണ് അനുകരിക്കുന്നത്. അതായത്, സാമൂഹിക ശ്രേണിയുടെ മറ്റൊരു തലമായി അവ മാറാനാണിട.
സമത്വമുള്ള ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയുടെ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചാണ് കേന്ദ്ര സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്നതിനാല്‍ അവയ്ക്ക് താരതമ്യേന മെച്ചപ്പെട്ട മതേതര സ്വഭാവമുണ്ട്. മിക്ക സര്‍വകലാശാലകളിലും മികച്ച അധ്യാപകരുണ്ട്. എന്നാല്‍, ലോകനിലവാരമുള്ള സ്ഥാപനങ്ങളായി ഉയര്‍ന്നുവരുന്നതിനു രാഷ്ട്രീയം തടസ്സമായെന്നു വരും.                        ി

(ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രഫസറായ ലേഖകന്‍ എഴുതിയ
പ്രബന്ധത്തില്‍ നിന്ന് ഒരു ഭാഗം.)
Next Story

RELATED STORIES

Share it