Districts

ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പരസ്യപ്പോരില്‍

കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വീണ്ടും പോര്‍മുഖം തുറന്നതിനു പിറകെ ഉന്നത പോലിസ് ഉദ്യോഗസ്ഥരും പരസ്യപ്പോരില്‍. ഡിജിപി സെന്‍കുമാറും വിജിലന്‍സ് മുന്‍ അഡീഷനല്‍ ഡയറക്ടറും പോലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറുമായ തോമസ് ജേക്കബുമാണ് വെല്ലുവിളികളുമായി രംഗത്തെത്തിയത്.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ വിധിക്കുശേഷം സത്യം ജയിച്ചെന്ന് വിജിലന്‍സ് മുന്‍ അഡീഷനല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞിരുന്നു. ഇതിനെയാണ് ഡിജിപി സെന്‍കുമാര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. ബാര്‍ കോഴക്കേസില്‍ തോമസ് ജേക്കബ് അന്വേഷണം നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്നും അച്ചടക്കലംഘനം ആരു നടത്തിയാലും നടപടിയുണ്ടാവുമെന്നുമായിരുന്നു ഡിജിപിയുടെ പ്രതികരണം. ബാര്‍ കോഴക്കേസിന്റെ ഒരു ഘട്ടത്തിലും തോമസ് ജേക്കബ് അന്വേഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേസില്‍ അഭിപ്രായം പറയാന്‍ അദ്ദേഹം അര്‍ഹനല്ല. തെറ്റായ കാര്യങ്ങള്‍ പറയുന്നവര്‍ക്കെതിരേ നടപടിയുണ്ടാവും എന്നും ഡിജിപി പറഞ്ഞു. എന്നാല്‍ അച്ചടക്കനടപടി സ്വീകരിച്ചാല്‍ അപ്പോള്‍ മറുപടി നല്‍കാമെന്നാണ് തോമസ് ജേക്കബ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്. മുമ്പ് വിജിലന്‍സ് അഡീഷനല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബിനെ പിന്നീട് സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി നിയമിച്ചിരുന്നു.
അവിടെനിന്നു മാറ്റി ജൂനിയര്‍ തസ്തികയായ പോലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറായി ആഴ്ചകള്‍ക്കു മുമ്പാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയത്. ഇതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി റാങ്കിലുള്ള തോമസ് ജേക്കബ് ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ വിവാദ പ്രസ്താവന നടത്തിയത്.
Next Story

RELATED STORIES

Share it