ഉന്നത നീതിപീഠങ്ങളില്‍ സംവരണം; ഭരണഘടന ഭേദഗതി ചെയ്യണം: ജ. പരന്തരന്‍

ചെന്നൈ: ഉന്നത നീതിപീഠങ്ങളില്‍ സംവരണത്തിന് ഭരണഘടനയില്‍ ഭേദഗതി വേണമെന്ന് മദിരാശി ഹൈക്കോടതി ജഡ്ജി ഡി ഹരി പരന്തരന്‍. ചെന്നൈയില്‍ നാഷനല്‍ ലോയേഴ്‌സ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച ജുഡീഷ്യല്‍ നിയമനങ്ങളിലെ സാമൂഹിക നീതി എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നൂറിലേറെ തവണ നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഉന്നത നീതിപീഠങ്ങളില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐഎഎസ്, ഐപിഎസ് തിരഞ്ഞെടുപ്പ് പോലെ സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ തിരഞ്ഞെടുപ്പിന് മല്‍സര പരീക്ഷ നടത്തണമെന്ന് സെമിനാറില്‍ സംസാരിച്ച മുന്‍ എംപി തോല്‍ തിരുമാവളവന്റെ നിര്‍ദേശം പിന്തുണയ്ക്കുന്നതായി ജ. പരന്തരന്‍ പറഞ്ഞു. ഈ പരീക്ഷയിലും തിരഞ്ഞെടുപ്പ് രീതിയിലും എല്ലാ സമുദായത്തിനും ആനുപാതിക പ്രാതിനിധ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നത നീതിപീഠങ്ങളില്‍ സാമൂഹിക നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തിയ രണ്ടു പ്രമുഖ വ്യക്തികള്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനും മുന്‍ സുപ്രിംകോടതി ജഡ്ജി എ എസ് ആനന്ദുമായിരുന്നു. എന്നാല്‍, പൗരസമൂഹം അതു പിന്തുണയ്ക്കുകയോ ഏറ്റെടുക്കുകയോ ചെയ്തില്ല. സാമൂഹിക നീതിക്കായി ആ ആവശ്യം പിന്തുണയ്ക്കാന്‍ പാര്‍ലമെന്റും തയ്യാറായില്ല. ഭരണഘടന ഭേദഗതി ചെയ്യുന്നതു വരെ ഉന്നത നീതിപീഠങ്ങളിലെ സംവരണം എന്നത് വിദൂരസ്വപ്‌നം മാത്രമായിരിക്കുമെന്ന് ജ. പരന്തരന്‍ ആവര്‍ത്തിച്ചു.
സ്വാതന്ത്ര്യാനന്തരം ദലിത് വിഭാഗത്തില്‍ നിന്നുള്ള നാല് ജഡ്ജിമാര്‍ മാത്രമാണ് സുപ്രിംകോടതിയിലുണ്ടായത്. 2010നു ശേഷം സുപ്രിംകോടതിയില്‍ ദലിത് വിഭാഗത്തില്‍ നിന്നും ഒരൊറ്റ ജഡ്ജിയില്ല. മദിരാശി ഹൈക്കോടതിയുടെ 150 വര്‍ഷത്തെ നീതിന്യായ ചരിത്രത്തില്‍ ദലിതരായി ഇന്നേവരെ ആറ് ജഡ്ജിമാര്‍ മാത്രമേയുള്ളൂ. മദിരാശി ഹൈക്കോടതിയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഒരൊറ്റ ജഡ്ജിയുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സാമൂഹിക നീതിയെക്കുറിച്ച ചോദ്യം ഉന്നയിക്കുന്നത് ഒഴിവാക്കാനാവില്ല.ബിജെപി എംപി കരിയമുണ്ടയുടെ നേതൃത്വത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള പാര്‍ലിമെന്ററി സമിതി 2000മാണ്ടില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സംവരണം ശുപാര്‍ശ ചെയ്തിരുന്നു. 1998ല്‍ 481 ഹൈക്കോടതി ജഡ്ജിമാരില്‍ പട്ടികജാതിക്കാര്‍ 15 പേരും പട്ടികവര്‍ഗക്കാര്‍ അഞ്ചു പേരും മാത്രമാണെന്നു കണ്ടെത്തിയ കമ്മിറ്റി അമ്പരപ്പു പ്രകടിപ്പിച്ചിരുന്നു. ശക്തമായ സംവരണ നയത്തിനു മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ എന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ലോയേഴ്‌സ് നെറ്റ്‌വര്‍ക്ക് ജോയിന്റ് കണ്‍വീനര്‍ അഡ്വ. എ മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. ഉന്നത നീതിപീഠങ്ങളില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം തീരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 24 ഹൈക്കോടതികളില്‍ 1044 ജഡ്ജിമാരില്‍ ഇപ്പോള്‍ 601 പേര്‍ മാത്രമാണുള്ളത്. 443 തസ്തിക ഒഴിവാണ്. മുസ്‌ലിം സമുദായത്തില്‍ നിന്ന് ആനുപാതിക പ്രാതിനിധ്യമനുസരിച്ച് 86 ജഡ്ജിമാരുണ്ടാവണം. നിലവില്‍ 26 പേര്‍ മാത്രമാണുള്ളത്. ഇത് വെറും 4.3 ശതമാനം മാത്രമാണ്. 26ല്‍ 8 പേര്‍ ഈ വര്‍ഷവും 3 പേര്‍ അടുത്ത വര്‍ഷവും വിരമിക്കും. സുപ്രിംകോടതിയിലെ അഞ്ചു തസ്തികകളും ഹൈക്കോടതികളിലെ 443 തസ്തികകളും നികത്തുമ്പോള്‍ മുസ്‌ലിംകള്‍, പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവര്‍ക്കും ആനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സെമിനാറില്‍ നാഷനല്‍ ലീഗല്‍ നെറ്റ്‌വര്‍ക്ക് സംസ്ഥാന കോ-ഓഡിനേറ്റര്‍ അഡ്വ. ഷാജഹാന്‍, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ എം അജ്മല്‍ ഖാന്‍, സത്യചന്ദ്രന്‍, നാഗശൈല, വിടുതലൈ ചിരുതൈകള്‍ കക്ഷി പ്രസിഡന്റ് മുന്‍ എംപി തോല്‍ തിരുമാവളവന്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം മുഹമ്മദ് ഇസ്മായീല്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി അബ്ദുല്‍ ഹമീദ്, അഡ്വ. എം എം അബ്ബാസ്, അഡ്വ. രാജ മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it