ഉന്നത ഇടപെടല്‍: സോളാര്‍ കമ്മീഷന് സരിത തെളിവുകള്‍ കൈമാറി; മുഖ്യമന്ത്രിയുമായി ഫോണില്‍ പലവട്ടം സംസാരിച്ചു

കൊച്ചി: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട ഉന്നത ഇടപെടലുകളെയും തനിക്കെതിരായ ലൈംഗികാരോപണങ്ങളെയും കുറിച്ചുള്ള സുപ്രധാന തെളിവുകള്‍ മുദ്രവച്ച കവറില്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു കൈമാറി. രാഷ്ട്രീയക്കാരുമായുള്ള രഹസ്യബന്ധങ്ങളുടെ പ്രധാന വെളിപ്പെടുത്തലുകളാണ് കവറില്‍.
ഇത് രഹസ്യ സ്വഭാവമുള്ള കത്താണെന്നും ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് ഹാജരാക്കുമെന്നും ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ സരിത അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണിലേക്ക് സരിത വിവിധ നമ്പറുകളില്‍നിന്നായി 120 തവണ വിളിച്ചതിന്റെ രേഖകള്‍ ഹാജരാക്കി. ഒരു നമ്പറില്‍നിന്നു മാത്രം അമ്പതിലധികം തവണ വിളിച്ചിട്ടുണ്ട്. ടെന്നി ജോപ്പന്റെ ഫോണില്‍ മുഖ്യമന്ത്രിയുമായി പലവട്ടം സംസാരിച്ചു.
രണ്ടാമത്തെ ഫോണില്‍നിന്ന് 42ഉം മൂന്നാമത്തെ നമ്പറില്‍നിന്ന് 38ഉം തവണ മുഖ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ചു. പി സി വിഷ്ണുനാഥ് എംഎല്‍എയെ ഒരു നമ്പറില്‍നിന്ന് 175 തവണയും രണ്ടാമത്തെ നമ്പറില്‍നിന്നു 12 തവണയുമാണു വിളിച്ചത്. മന്ത്രി ആര്യാടനെ 81ഉം ജോപ്പനെ 1,736ഉം ജിക്കുവിനെ 475ഉം തോമസ് കുരുവിളയെ 140ഉം തവണ വിളിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും എ പി അനില്‍കുമാറുമായും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ബെന്നി ബഹനാനുമായി എട്ടും കെ സി വേണുഗോപാലുമായി 57ഉം തവണ സംസാരിച്ചു.
മുന്‍മന്ത്രി മോന്‍സ് ജോസഫിനെ 164ഉം ഹൈബി ഈഡനെ 51ഉം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എ പി അബ്ദുല്ലക്കുട്ടിയെ മൂന്നുവട്ടമേ കണ്ടിട്ടുള്ളൂ. എന്നാല്‍, 23 തവണ ഫോണ്‍ ചെയ്തു. ടി സിദ്ദീഖിനെ വ്യക്തിപരമായി അറിയാമെന്നും സരിത പറഞ്ഞു. മന്ത്രി കെ പി മോഹനനുമായി എട്ടും ജോസ് കെ മാണിയുമായി അഞ്ചും തവണ സംസാരിച്ചു. മന്ത്രി കെ സി ജോസഫിനെ രണ്ടുപ്രാവശ്യം കണ്ടിട്ടുണ്ട്. സുഹൃത്തിന്റെ ഇന്‍കംടാക്‌സ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ രമേശ് ചെന്നിത്തല സഹായിച്ചതായി സരിത മൊഴി നല്‍കി. അദ്ദേഹത്തെ 11 തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
2013ല്‍ സംസ്ഥാന പോലിസ് അസോസിയേഷന്‍ സെക്രട്ടറി ജി ആര്‍ അജിത് സംഭാവനയായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയെങ്കിലും രശീതി തന്നില്ല. പകരം എല്ലാ പോലിസ് സ്‌റ്റേഷനിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പ്രമേയം പാസാക്കാമെന്ന് ഉറപ്പുനല്‍കി.
2013 ഏപ്രില്‍ 13ന് പ്രമേയം പാസാക്കുകയും എഡിജിപി ശങ്കര്‍ റെഡ്ഡി ഉത്തരവിറക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കമ്മീഷന്‍ മുമ്പാകെ സരിത സ്ഥിരീകരിച്ചു. അഡ്വ. സി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് സരിത മൊഴി നല്‍കിയത്.
Next Story

RELATED STORIES

Share it