ഉന്നതര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ എസ്‌ഐടിക്ക് രൂപംനല്‍കി

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അഴിമതി, വിജയ് മല്യയുടെ ബാങ്ക് തട്ടിപ്പ് തുടങ്ങി ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണം വേഗത്തിലാക്കാന്‍ സിബിഐ പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിന് രൂപം നല്‍കി. അഡീഷനല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയായിരിക്കും എസ്‌ഐടിയുടെ തലവന്‍.
1984 ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫിസറായ അസ്താനയാണ് 2002ലെ സബര്‍മതി എക്‌സ്പ്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച എസ്‌ഐടിക്ക് നേതൃത്വം നല്‍കിയത്. കാലിത്തീറ്റ കുംഭകോണ കേസന്വേഷണത്തിലും അദ്ദേഹം സഹകരിച്ചിരുന്നു.
കോപ്റ്റര്‍ അഴിമതി, മല്യയുടെ ബാങ്ക് വായ്പാ തട്ടിപ്പ് എന്നീ കേസുകളായിരിക്കും എസ്‌ഐടി ആദ്യം പരിഗണിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫിന്‍മെക്കനിക, അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനികളുടെ മുന്‍ മേധാവികളെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ചതില്‍ പിന്നെ കേസ് സംബന്ധിച്ച് സിബിഐയുടെ ധാരണയില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
3,600 കോടിയുടെ കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് അഗസ്ത വെസ്റ്റ്‌ലാന്റ് കോഴ നല്‍കിയിട്ടുണ്ടെന്ന് മിലാന്‍ അപ്പീല്‍ കോടതിയുടെ വിധി വ്യക്തമാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കോഴയുടെ ഗുണഭോക്താക്കള്‍ ആരെല്ലാം, പണം എപ്രകാരമാണ് കൈമാറിയത് തുടങ്ങിയവയാവും എസ്‌ഐടി അന്വേഷിക്കുക. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ആയിരക്കണക്കിന് കോടി രൂപ ബാങ്ക് വായ്പയെടുത്ത് വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയതാണ് എസ്‌ഐടി അന്വേഷിക്കുന്ന മറ്റൊരു കേസ്.
Next Story

RELATED STORIES

Share it