Just In

ഉന്നതരില്‍ നിന്ന് ജീവനു ഭീഷണിയെന്ന് ജേക്കബ് തോമസ്

ഉന്നതരില്‍ നിന്ന് ജീവനു ഭീഷണിയെന്ന് ജേക്കബ് തോമസ്
X
കൊച്ചി: അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. വിജിലന്‍സ് ഡയറക്ടര്‍ പദവിയിലിരിക്കെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ജേക്കബ് തോമസ് കത്തയച്ചത്.



സംസ്ഥാനത്ത് ഉന്നതപദവിയിലിരിക്കുന്നവര്‍ക്കെതിരേ വിജിലന്‍സ് വകുപ്പ് നിരവധി അന്വേഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവന്‍ വരെ അപായപ്പെടുത്താന്‍ പോന്ന ശക്തിയുള്ളവരായതിനാല്‍ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദേശത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കണമെന്നും കത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെടുന്നുണ്ട്. വിദേശത്ത് നയതന്ത്രമേഖലയില്‍ ജോലി നല്‍കിയാല്‍ ഉചിതമാവുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന കെ എം മാണി, കെ സി ജോസഫ്, കെ ബാബു, എല്‍ഡിഎഫ് സര്‍ക്കാരില്‍ വ്യവസായമന്ത്രിയായിരുന്ന ഇ പി ജയരാജന്‍, നിലവില്‍ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ജെ മേഴ്‌സിക്കുട്ടിയമ്മ, ടോം ജോസ് ഐഎഎസ്, വി ജെ കുര്യന്‍ ഐഎഎസ്, കെ എം എബ്രഹാം ഐഎഎസ്, ടി ഒ സൂരജ് ഐഎഎസ്, ടോമിന്‍ തച്ചങ്കരി ഐപിഎസ്, ശങ്കര്‍ റെഡ്ഡി ഐപിഎസ്, ഷെയ്ഖ് പരീത് ഐഎഎസ്, മുന്‍ പോലിസ് മേധാവി ടി പി സെന്‍കുമാര്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, സ്‌പോര്‍ട്‌സ് വകുപ്പ് സെക്രട്ടറിയായ ജി ജെ ടെഗ്ഗി, അഡ്വ. ജോയ് തോമസ് എന്നിവര്‍ക്കെതിരേ ശക്തമായ അന്വേഷണം നടത്തിയിരുന്നു. പലര്‍ക്കുമെതിരേ കോടതികളില്‍ കേസുകളുമായി മുന്നോട്ടുപോയിരുന്നു. ടൈറ്റാനിയം, പാറ്റൂര്‍ അഴിമതിക്കേസുകള്‍ക്ക് പുറമെ കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഹരിപ്പാട് മെഡിക്കല്‍ കോളജ് എന്നിവയുമായി ബന്ധപ്പെട്ടും വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പ്രതിചേര്‍ത്തവരെല്ലാം സംഘടിതമായി ചേര്‍ന്ന് ഇപ്പോള്‍ തനിക്കു നേരെ തിരിഞ്ഞിരിക്കുകയാണ്. ഇവരുടെ സംഘടിതശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ട് അടിയന്തരമായി വിദേശത്ത് കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജോലി നല്‍കണമെന്നും കത്തില്‍ പറയുന്നു. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന സത്യേന്ദ്ര ദുബെയും സമാനമായ ഒരു കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിന് എഴുതിയിരുന്നു. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. അധികം കഴിയുന്നതിനു മുമ്പ് ദുബെ കൊല്ലപ്പെട്ടു. ഇതിനുശേഷമാണ് വിസില്‍ ബ്ലോവര്‍ സംരക്ഷണ നിയമത്തിനു വേണ്ട ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിപ്പിക്കുന്നത്. സര്‍ക്കാരിന് താന്‍ സമര്‍പ്പിച്ച രഹസ്യ റിപോര്‍ട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും 2017 ഫെബ്രുവരി നാലിന് ജേക്കബ് തോമസ് കത്തെഴുതിയിരുന്നു. ചിലരെ അധികാരകേന്ദ്രങ്ങളില്‍ നിന്നു മാറ്റി അവര്‍ക്കെതിരേ സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേന്ദ്രീകൃതമായ ആക്രമണങ്ങള്‍ സത്യസന്ധമായി ജോലി നോക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുകയാണെന്ന് രണ്ടാമത്തെ കത്തില്‍ പറയുന്നു. എന്നാല്‍, വര്‍ഷമൊന്ന് കഴിഞ്ഞിട്ടും  കത്തുകളില്‍ തീരുമാനമുണ്ടായില്ല. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നഷ്ടമായ ജേക്കബ് തോമസിനെതിരേ ഇടത്-വലത് മുന്നണികള്‍ ചരടുവലികള്‍ ശക്തമാക്കുന്നതിനിടെയാണ് രണ്ടു കത്തുകളും പുറത്തുവന്നത്.
Next Story

RELATED STORIES

Share it