ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാവുന്നതായി സിഎജി

തിരുവനന്തപുരം: പിഎസ്‌സിയുടെ മെല്ലെപ്പോക്കുമൂലം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാവുന്നതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട്. തസ്തിക റീകാറ്റഗറൈസ് ചെയ്യുന്നതിലെ കാലതാമസം, ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിലെ പിശക്, വിശേഷാല്‍ ചട്ടങ്ങളുടെ അഭാവം, തത്തുല്യ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിലെ കാലതാമസം, കോടതി കേസ് എന്നിവ കാരണം 2009 മുതല്‍ 2016 വരെ 2919 തസ്തികളിലേക്ക് ക്ഷണിച്ച 94,98,574 അപേക്ഷകളില്‍ തിരഞ്ഞെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാവാനുണ്ടെന്ന് സിഎജി റിപോര്‍ട്ട് വിശദീകരിച്ച് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി ഗോപിനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിജ്ഞാപന തിയ്യതി മുതല്‍ ഒരു വര്‍ഷത്തിനകം റാങ്കുപട്ടിക പ്രസിദ്ധീകരിക്കണമെന്നിരിക്കെ 156 എണ്ണത്തില്‍ (31 ശതമാനം) അന്തിമ റാങ്കുപട്ടിക പ്രസിദ്ധീകരിക്കാന്‍ മൂന്നു മുതല്‍ നാലു വര്‍ഷമെടുത്തു. 94 എണ്ണത്തില്‍ നാലു മുതല്‍ അഞ്ചു വര്‍ഷം വരെ വേണ്ടിവന്നതായും സിഎജി കണ്ടെത്തി. നിയമനപ്രക്രിയയുടെ നിര്‍ണായകമായ ഘടകവും സംവരണതത്ത്വത്തെ ബാധിക്കുന്നതുമായ റൊട്ടേഷന്‍ പ്രക്രിയ കംപ്യൂട്ടറൈസ് ചെയ്യാനുള്ള നടപടിയും എങ്ങുമെത്തിയില്ല. ഇതിനായുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നതിന് ആദ്യം ഏ ല്‍പിച്ചത് സിഡിറ്റിനെയായിരുന്നു. അവരത് പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ ഫാക്കല്‍റ്റിയെ ഏല്‍പിച്ചു. സോഫ്റ്റ്‌വെയര്‍ 90 ശതമാനം വികസിപ്പിച്ച് സോഴ്‌സ്‌കോഡും പിഎസ്‌സിയെ ഏല്‍പിച്ച് സിഇടിയും പാതിവഴിയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും സിഎജി കണ്ടെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എഡിബി സഹായത്തോടെ നടപ്പാക്കിയ കെഎസ്‌യുഡിപി പദ്ധതിയില്‍ അഞ്ചു കോര്‍പറേഷനുകള്‍ അടിസ്ഥാന സൗകര്യവും സേവനവും മെച്ചപ്പെടുത്താനായി അഴുക്കുചാല്‍, ജലവിതരണ സംവിധാനം എന്നിവയുടെ നിര്‍മാണവും പുനരധിവാസവും, ഡ്രെയ്‌നേജ് സംവിധാനം, ഖരമാലിന്യം കൈകാര്യം ചെയ്യല്‍, റോഡുകളും പാലങ്ങളും മെച്ചപ്പെടുത്തല്‍ പോലുള്ള പ്രവൃത്തികള്‍ക്ക് 24 പദ്ധതികള്‍ 102 പാക്കേജുകളിലായി ഏറ്റെടുത്തിരുന്നു. എന്നാല്‍, വായ്പാ കാലാവധി തീര്‍ന്നപ്പോള്‍ 102 പാക്കേജില്‍ 55 എണ്ണമാണ് പൂര്‍ത്തീകരിച്ചത്. 28 പാക്കേജുകള്‍ ഏറ്റെടുത്തിട്ടില്ലെന്നും കണ്ടെത്തി. പദ്ധതി നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ പരാജയം കാരണം എഡിബി 67.50 കോടിയുടെ തത്തുല്യമായ വായ്പാവിഹിതം റദ്ദുചെയ്യുന്നതിനും കാരണമായി. പൊതുജനങ്ങളുടെ എതിര്‍പ്പ്, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, റോഡ് മുറിക്കുന്നതിനുള്ള അനുമതി കിട്ടാനുള്ള താമസം മുതലായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 330.12 കോടിയുടെ 15 കരാറുകള്‍ ഇടയ്ക്കുവച്ച് ഉപേക്ഷിക്കേണ്ടി വന്നതിലൂടെ ചെലവഴിച്ച 77.34 കോടി ഫലപ്രദമല്ലാതായതായും സിഎജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it