wayanad local

ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കണം : ജനകീയ റോഡ് ആക്ഷന്‍ കമ്മിറ്റി



പടിഞ്ഞാറത്തറ: നിരവധി ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ വര്‍ഷാദ്യം അറ്റകുറ്റപ്പണി നടത്തിയ കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ് പാടെ തകര്‍ന്നതു പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലമാണെന്നു ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. 15 ലക്ഷം രൂപ വകയിരുത്തി കരാര്‍ പ്രകാരം 0.200 മുതല്‍ 9.200 വരെയുള്ള ഭാഗങ്ങളിലായിരുന്നു പ്രവൃത്തി നടത്തേണ്ടിയിരുന്നത്. എന്നാല്‍, നിര്‍ദേശിക്കപ്പെട്ട അളവിലധികം ചതുരശ്ര മീറ്റര്‍ പണി നടത്തിയെന്നു പറഞ്ഞ് അഞ്ചു കിലോമീറ്ററിനുള്ളില്‍ പണി നിര്‍ത്തുകയായിരുന്നു. കരാര്‍ പ്രകാരം പണി പൂര്‍ത്തിയായി ആറു മാസത്തിനകം തകര്‍ന്നാല്‍ കരാറുകാരന്‍ സ്വന്തം ചെലവില്‍ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കണമെന്ന വ്യവസ്ഥ പാലിക്കാതെ, വീണ്ടും ഈ ഭാഗമുള്‍ക്കൊള്ളുന്ന റോഡില്‍ വകുപ്പിന്റെ ചെലവില്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍. സംസ്ഥാന പാത 54ല്‍പെട്ട കല്‍പ്പറ്റ-വാരാമ്പറ്റ റോഡില്‍, പടിഞ്ഞാറത്തറ വരെയുള്ള 18 കിലോമീറ്റര്‍ ദൂരവും പാടെ തകര്‍ന്നതിനാല്‍ വാഹന ഗതാഗതം ദുഷ്‌കരമാണ്. പുതിയ എസ്റ്റിമേസ്റ്റില്‍ വലിയ കുഴികളുള്ള കാവുംമന്ദം മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളെ അറ്റകുറ്റപ്പണിയില്‍ നിന്ന് ഒഴിവാക്കിയതായാണ് അറിയാന്‍ സാധിച്ചത്. ജില്ലയിലാകെ റോഡുകള്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍, എംപി, എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തില്‍ അറ്റകുറ്റപ്പണിക്ക് 45 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കുമെന്ന് കല്‍പ്പറ്റ എംഎല്‍എയും റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ഉറപ്പു നല്‍കിയിരുന്നെങ്കിലും തുക 20 ലക്ഷം രൂപ മാത്രമേയുള്ളൂ എന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതു പ്രദേശവാസികളെ കബളിപ്പിക്കലാണ്. മുമ്പ് പ്രവൃത്തി നടത്തിയ ഭാഗങ്ങളില്‍ തകര്‍ന്ന റോഡ് മുന്‍ കരാറുകാരനെ കൊണ്ട് ചെയ്യിക്കുകയും പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ഉപയോഗിച്ച് പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തി ചെയ്യണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it