malappuram local

ഉദ്യോഗസ്ഥ അനാസ്ഥയുടെ സ്മാരകമായി എസ്ടി വിഭാഗത്തിന് അനുവദിച്ച വീടുകള്‍

അമീന്‍ പൂക്കോട്ടുംപാടം

പൂക്കോട്ടുംപാടം: ഉദ്യോഗസ്ഥ അനാസ്ഥയുടെ സ്മാരകമായി എസ്ടി കുടുംബങ്ങള്‍ക്ക് അനുവദിച്ച നാലു വീടുകള്‍. അമരമ്പലം പഞ്ചായത്തിലെ ഏലക്കല്ല് ഉരൂട്ടിയാന്‍ കുന്നിലാണ് എസ്ടി കുടുംബങ്ങള്‍ക്ക് അനുവദിച്ച നാലു വീടുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്. 1998ല്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതി പ്രകാരം ചുള്ളിയോട് തേക്കിന്‍ തൊടിക കോളനിയിലെ കുട്ടിപ്പാലന്‍, സുന്ദരന്‍, ലക്ഷ്മി, ഉണ്ണി എന്നിവര്‍ക്ക് 10 സെന്റ് സ്ഥലം വീതം ലഭിച്ചിരുന്നു. 1999ല്‍ ഐടിഡിപി ഓഫിസില്‍ നിന്നു വീട് വയ്ക്കുന്നതിനായി 40,000 രൂപവീതവും അനുവദിച്ചു. ഓട് മേഞ്ഞ 400 അടി ചുറ്റളവുള്ള വീടുകളാണ് ഐടിഡിപിയുടെ സ്ഥിരം കരറുകാരന്‍ ഇവര്‍ക്ക് നിര്‍മിച്ച് നല്‍കിയത്. ഗുണനിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍ ഏറെ കഴിയും മുമ്പെ തകര്‍ന്ന് വീഴുകയായിരുന്നു. സ്ഥലം വാങ്ങിയതിലും വീട് നിര്‍മിച്ചതിലും കരാറുകാരും ഇടനിലക്കാരും ഇവരെ ചൂഷണം ചെയ്തതായി ആരോപണം ഉണ്ടായിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയായതിന് ശേഷവും ഈ വീടുകളില്‍ താമസിക്കാന്‍ കോളനിക്കാര്‍ തയ്യാറായിരുന്നില്ല. കാരണം ആദിവാസികള്‍ പൂര്‍വികര്‍ താമസിച്ചിരുന്ന മണ്ണും വീടും വിട്ട് മറ്റൊരിടത്ത് ചേക്കേറാന്‍ വൈമുഖ്യം കാണിക്കുന്നവരാണ്. കൂടാതെ കുലദൈവങ്ങളുടെ കുടിയിരുപ്പ് വിട്ട് പോരാനും ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. ഈ നാല് കുടുംബങ്ങളും അന്ന് താമസിച്ചിരുന്ന കോളനിക്ക് സമീപം തന്നെ സ്ഥലം ലഭ്യമായിരുന്നെങ്കിലും ആദിവാസികളുടെ അഭിപ്രായം ചെവിക്കൊള്ളാന്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും തയ്യാറായില്ല. സ്ഥലവും വീടും കിട്ടിയ കുട്ടിപാലന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെ മരണപ്പെട്ടു. മകന്‍ അയ്യപ്പനാണ് ഇപ്പോഴത്തെ അവകാശി.
മറ്റു പലരുടെയും ആധാരവും മറ്റ് രേഖകളും വട്ടിപ്പലിശക്കാരുടെ കൈയിലും ബാങ്കുകളിലും നിസാര തുകയ്ക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. ഇത് സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it