palakkad local

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചൂടില്‍; പാടം നികത്തല്‍ വ്യാപകം

സി കെ ശശി ചാത്തയില്‍

ആനക്കര: ഉദ്യോഗസ്ഥരും പോലിസും തിരഞ്ഞെടുപ്പ് തിരക്കിലായതോടെ ജില്ലയില്‍ പാടം നികത്തല്‍ വ്യാപകമാവുന്നു. റവന്യു-പോലിസ് അധികൃതരുടെ കണ്ണുവെട്ടിച്ചു ജില്ലയിലെ കുന്നുകളിടിച്ചു മണ്ണെടുത്ത് പാടം നികത്തുകയാണ്.
പാലക്കാട്- മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ പോട്ടൂര്‍ മേഖലയില്‍ വട്ടംകുളം, ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലങ്ങളില്‍ പാടം നികത്തല്‍ തകൃതിയായിട്ടുണ്ട്. തിരഞ്ഞെടുപ്പായതിനാല്‍ ഒരു രാഷ്ട്രീയ കക്ഷികളും ഇതിനെതിരേ പ്രതികരിക്കുന്നില്ലെന്നതും നികത്തല്‍ വ്യാപകമാവാന്‍ കാരണമായിട്ടുണ്ട്.
ചേക്കോട് സ്‌കൈലാബ് മേഖലയില്‍ നിന്ന് ആരംഭിച്ച് നീലിയാട് ചെന്ന് ചേരുന്ന തോടിന്റെ പോട്ടൂര്‍ മേഖലയില്‍പ്പെട്ട സ്ഥലത്ത് രാത്രിയില്‍ ചെങ്കല്ല് മടയില്‍ നിന്ന് പൊട്ടിയ ചെങ്കല്ലുകള്‍ കൊണ്ടുവന്നും പാടം നികത്തുന്നുണ്ട്. ഇതിന് പുറമെ മണ്ണ് കൊണ്ടുവന്നും പാടം നികത്തുകയാണ്.
കഴിഞ്ഞ നാലുദിവസമായി കുമ്പിടി, മേലേഴിയം, പള്ളിപ്പടി, യൂനിയന്‍ ഷെഡ്ഡ് റോഡ് എന്നിവിടങ്ങളില്‍ നിന്ന് വീട് നിര്‍മാണത്തിന്റെ മറവില്‍ പെര്‍മിറ്റ് ഉണ്ടാക്കി മണ്ണെടുത്ത് പാടം നികത്തുന്നുണ്ട്. പാസിന്റെ മറവില്‍ രാത്രിയും പകലുമില്ലാതെ ടിപ്പര്‍ ലോറികള്‍ ഇവിടെ ചീറിപായുകയാണ്.
ഡാറ്റാ ബാങ്ക് നിലവില്‍ വന്നിട്ടും റോഡരികിലുള്ള പാടങ്ങളില്‍ വീട് നിര്‍മാണത്തിന് അനുമതി നല്‍കുന്ന പ്രവണതയും വ്യാപകമായിട്ടുണ്ട്. ഇതിന് പുറമെ കുളം നിര്‍മാണത്തിന്റെ മറവില്‍ പാടങ്ങളില്‍ വലിയ കുഴിയെടുത്ത് മണ്ണെടുത്ത് പാടങ്ങളും പറമ്പുകളും നികത്തുന്നുണ്ട്.
തൃത്താലമേഖലയിലെ വിവിധ വില്ലേജുകളില്‍പെട്ട നിരവധി വയല്‍ ദിനേന നികത്തിവരുമ്പോള്‍ നടപടി എടുക്കാത്ത അധികൃതരുടെ നിലപാട് ഇക്കൂട്ടര്‍ക്കു പ്രചോദനമാവുകയാണ്.
Next Story

RELATED STORIES

Share it