kasaragod local

ഉദ്യോഗസ്ഥര്‍ക്കെതിരേ എംഎല്‍എ പരാതി നല്‍കി

കാസര്‍കോട്്: റോഡ് ഉദ്ഘാടനത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സ്പീക്കര്‍ക്കും ജില്ലാ കലക്്ടര്‍ക്കും കത്ത് നല്‍കി. കാസര്‍കോട്-മഞ്ചേശ്വരം മണ്ഡലങ്ങളുടെ അതിര്‍ത്തിയിലുള്ള അനന്തപുരം വ്യവസായ പാര്‍ക്കിനടുത്ത് നാലര കോടി രൂപ ചെലവില്‍ നിര്‍മിച്ച റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലിനെ മാനദണ്ഡങ്ങള്‍ മറികടന്ന് അധ്യക്ഷനാക്കിയ നടപടിക്കെതിരെയാണ് പരാതി നല്‍കിയത്.
കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് രണ്ടരകോടിയും വ്യവസായ വകുപ്പിന്റെ രണ്ട് കോടി രൂപയും അടക്കം നാലര കോടി രൂപ ചെലവില്‍ വ്യവസായ പാര്‍ക്കിലേക്ക് നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനമാണ് വിവാദമായത്. ജില്ലാ വ്യവസായ കേന്ദ്രം മുന്‍കൈയെടുത്താണ് റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ക്ഷണക്കത്ത് അടിച്ചത്. ഇന്നലെ രാവിലെ വ്യവസായമന്ത്രി എ സി മൊയ്തീന്‍ റോഡ് ഉദ്ഘാടനം ചെയ്യുമെന്നും മണ്ഡലം എംഎല്‍എ പി ബി അബ്ദുര്‍റസാഖ് അധ്യക്ഷത വഹിക്കും എന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
എന്നാല്‍ അബ്ദുര്‍റസാഖ് എംഎല്‍എ സ്ഥലത്തില്ലാത്തതിനാല്‍ പരിപാടിക്ക് എത്തിയില്ല. പകരം കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെയോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെയോ വേദിയിലുണ്ടായിരുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫിനെയോ ക്ഷണിക്കേണ്ടതിന്് പകരം തൃക്കരിപ്പൂരില്‍ നിന്നുള്ള സിപിഎം എംഎല്‍എ എം രാജഗോപാലിനെ ചടങ്ങില്‍ അധ്യക്ഷനാക്കുകയായിരുന്നു. വ്യവസായ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് ചരട് വലിച്ചതെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നല്‍കിയതായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തേജസിനോട് പറഞ്ഞു.
എംഎല്‍എയുടെ പരിധിയില്‍ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ ബന്ധപ്പെട്ട എംഎല്‍എമാരോ തൊട്ടടുത്ത മണ്ഡലത്തിലെ എംഎല്‍എമാരോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ അധ്യക്ഷത വഹിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സിപിഎം നേതാവ് കൂടിയായ വ്യവസായ മന്ത്രിയുടെ പാര്‍ട്ടിക്കാരനായ തൃക്കരിപ്പൂര്‍ എംഎല്‍എയെ മഞ്ചേശ്വരം മണ്ഡലത്തിലെ റോഡ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനാക്കി സിപിഎമ്മിനോട് കൂറ് പ്രകടിപ്പിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു.
Next Story

RELATED STORIES

Share it