ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസുകള്‍ സഹപ്രവര്‍ത്തകര്‍ പൂഴ്ത്തുന്നു

കൊണ്ടോട്ടി: അഴിമതി, വിജിലന്‍സ് നടപടികളില്‍ വിധേയരായ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കേസുകള്‍ സഹജീവനക്കാര്‍ സേവന പുസ്തകത്തില്‍ രേഖപ്പെടുത്താതെ പൂഴ്ത്തുന്നു. കേസില്‍ കൃത്യതയില്ലാത്തതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് ഡയറക്ടറും കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയരാവുകയാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിക്കുന്ന നടപടികളും ശിക്ഷകളും സംബന്ധിച്ച് സേവന പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്താതെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പര ധാരണയുണ്ടാക്കുന്നതായാണ് സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ ഒത്തുകളി വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കി. സര്‍ക്കാരില്‍ നിന്നും പഞ്ചായത്ത് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് തുടങ്ങിയവയില്‍ നിന്നുമുണ്ടാവുന്ന സസ്‌പെന്‍ഷന്‍, ശിക്ഷാ നടപടികള്‍, ഉപഭോക്താക്കളില്‍ നിന്നും മറ്റും കൈക്കൂലി വാങ്ങിയ കേസുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ജീവനക്കാരുടെ സേവന പുസ്തകത്തില്‍ സമയത്തിന് രേഖപ്പെടുത്തണമെന്നാണു ചട്ടം.
എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം കേസുകളുടെ വിവരങ്ങള്‍ സര്‍വീസിനെ ബാധിക്കുമെന്ന പരിഗണനയില്‍ നടപടിക്ക് വിധേയരാവുന്ന ഉദ്യോഗസ്ഥനെക്കുറിച്ച് സേവന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നില്ല. ഇത്തരം കേസുകളില്‍ കോടതിയിലെത്തുമ്പോഴാണ് സേവന പുസ്തകത്തില്‍ ഇതുസംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തുന്നത്. ഇത്തരം നിരവധി കേസുകളില്‍ സര്‍ക്കാരും പഞ്ചായത്ത് ഡയറക്ടറും കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയരായതോടെയാണു സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയത്.
ഉദ്യോഗസ്ഥരുടെ ഒത്തുകളിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ നിയമം കര്‍ക്കശമാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥനെതിരേ സ്വീകരിക്കുന്ന സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ സേവന പുസ്തകത്തില്‍ രേഖപ്പെടുത്തി, അവയുടെ പകര്‍പ്പ് അച്ചടക്ക നടപടി സ്വീകരിച്ച ഓഫിസിലേക്ക് അടിയന്തരമായി എത്തിക്കണമെന്നാണു പുതിയ നിര്‍ദേശം.
ഇതിനു വിരുദ്ധ പ്രവൃത്തികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ നടപടികളുണ്ടാവും.
കേസുകളും തുടരന്വേഷണത്തിന്റെ വിവരങ്ങളും സമയബന്ധിതമായി അറിയിക്കണം. സസ്‌പെന്‍ഷന്‍ കാലയളവില്‍ ജീവനക്കാരന് കിട്ടാന്‍ അര്‍ഹതയുള്ള ഉപജീവന ബത്തയും മറ്റ് ബത്തകളും സംബന്ധിച്ച് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തി നല്‍കണം.
ഇതില്‍ പിന്നീട് തിയ്യതി നിശ്ചയിക്കുന്ന രീതി തുടരാന്‍ പാടില്ല. സര്‍ക്കാരും പഞ്ചായത്ത് ഡയറക്ടര്‍മാരും കോടതിയലക്ഷ്യ നടപടിക്ക് വിധേയമായാല്‍ ഇതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെയും കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it