kannur local

ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരേ ഭരണ-പ്രതിപക്ഷ വിമര്‍ശനം

കണ്ണൂര്‍: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരേ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ രൂക്ഷവിമര്‍ശനം. വിവിധ പദ്ധതികളില്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതായും യജമാനന്‍മാരെ പോലെ പെരുമാറുന്നതായും എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട ജമ തുടങ്ങിയവ മാറ്റിക്കിട്ടാന്‍ വേണ്ടി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാലും പ്രത്യേക സത്യവാങ്മൂലം വേണമെന്നാണ് ചില ഉദ്യോഗസ്ഥരുടെ നിലപാട്.ചെറിയ തെറ്റുകള്‍ ഉണ്ടായാല്‍ പോലും അത് തിരുത്താതെ മടക്കി അയക്കുകയാണെന്നു പ്രതിപക്ഷത്തെ കെ കെ ഭാരതി പറഞ്ഞു.
ഇതിനെ മറ്റു കൗണ്‍സിലര്‍മാരും പിന്തുണയ്ക്കുകയായിരുന്നു. പൊതുജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ കരുതുന്നതെന്നും ചിലര്‍ തമ്പ്രാന്‍മാരെ പോലെയാണ് പെരുമാറുന്നതെന്നും സിപിഎമ്മിലെ എം പി ഭാസ്‌കരന്‍ പറഞ്ഞു. തെരുവുവിളക്ക്, പൊതുമരാമത്ത് അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ ഒരു വര്‍ഷത്തേക്ക് കരാറെടുക്കുന്നുണ്ടെങ്കിലും മൂന്നോ നാലോ മാസമാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് ഇരുപക്ഷത്തെയും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഇതുകാരണം പല പ്രദേശങ്ങളും ഇരുട്ടിലാവുകയാണ്. പലയിടത്തും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. ഒരുഭാഗത്ത് റോഡ് നന്നാക്കുമ്പോള്‍ മറുഭാഗത്ത് കുത്തിപ്പൊളിക്കുകയാണെന്ന് ആര്‍ രഞ്ജിത്ത് പരാതിപ്പെട്ടു. പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പുതുക്കിപ്പണിതിട്ടും കക്കൂസ് മാലിന്യം ഓവുചാലിലേക്ക് ഒഴുക്കുന്നതായി അമൃത രാമകൃഷ്ണന്‍ പറഞ്ഞു. എളയാവൂര്‍ സ്‌കൂളിനും മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും അടുത്തായി രാത്രി സാമൂഹികവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതായും വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍ പറഞ്ഞു. കക്കാട് സ്വിമ്മിങ് പൂളില്‍ ബാത്ത്‌റൂം സൗകര്യമില്ലാത്തതിനാല്‍ കുട്ടികളെ നീന്തല്‍ പരിശീലനത്തിന് അവിടേക്ക് അയക്കുന്നില്ലെന്നും സിഎച്ച്എം സ്‌കൂളിലും സിറ്റി സെന്ററിലുമായി 1000 കുട്ടികള്‍ നീന്തല്‍ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.
കക്കാട് സ്വിമ്മിങ് പൂളിലെ വെള്ളം ശുചീകരിക്കുന്നില്ലെന്ന ലീഗ് പ്രതിനിധി കെ പി എ സലീമിന്റെ വാദത്തെ യുഡിഎഫിലെ തന്നെ ഷാഹിന മൊയ്തീന്‍ ഖണ്ഡിച്ചത് ഭരണപക്ഷത്തിന്റെ കൈയടി നേടി. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it