malappuram local

ഉദ്യോഗസ്ഥരെ പഴിചാരി കലക്ടര്‍

മലപ്പുറം: ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ തകരാറ് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരി ജില്ലാ കലക്ടര്‍. ഇരുനൂറോളം വോട്ടിങ് സ്‌റ്റേഷനുകളില്‍ യന്ത്രങ്ങള്‍ തകരാറായതോടെ വോട്ടെടുപ്പ് മുടങ്ങിയിരുന്നു.
യന്ത്രങ്ങള്‍ ശരിയാക്കി വോട്ടെടുപ്പ് വേഗത്തില്‍ പുനരാരംഭിക്കുന്നതിനു പകരം ഉദ്യോഗസ്ഥരുടെ മേല്‍ കുറ്റം ചുമത്തി കൈകഴുകാനുള്ള ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്റെ നീക്കം വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ഉച്ചയോടെ കലക്ടറുടെ ഓഫിസിലെത്തി പ്രതിഷേധമറിയിച്ചപ്പോഴാണ് റീപോളിങും വോട്ടെടുപ്പ് സമയം നീട്ടിവയ്ക്കലും സംബന്ധിച്ച് കലക്ടര്‍ തീരുമാനമെടുത്തത്.
ഉച്ചയോടെ തീരുമാനമെടുക്കേണ്ടിടത്ത് അഞ്ചുമണിക്കു ശേഷമാണ് കലക്ടറുടെ ഭാഗത്തുനിന്നു തീരുമാനമുണ്ടായത്. ഇത് വോട്ടര്‍മാരേയും ഉദ്യോഗസ്ഥരേയും പ്രയാസപ്പെടുത്തി. ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാന്‍ വേണ്ടി പരിശീലന ക്ലാസില്‍ പങ്കെടുക്കാതിരിക്കുകയോ ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്തതാണ് യന്ത്ര തകരാറിന് കാരണമെന്നാണ് കലക്ടര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പുലര്‍ച്ചെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പ് മോക്ക് വോട്ടെടുപ്പ് നടക്കുന്ന സമയത്ത് യന്ത്രങ്ങള്‍ക്ക് യാതൊരു തകരാറുമില്ലായിരുന്നു. അമ്പതോളം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മിക്ക സ്ഥലങ്ങളിലും യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയത്.
വോട്ടെടുപ്പ് ആരംഭിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്ക് യന്ത്രത്തില്‍ സ്പര്‍ശിക്കാന്‍ പോലുമാവില്ലെന്നിരിക്കെ തകരാറുണ്ടായതിനു കാരണം ഉദ്യോഗസ്ഥരാണെന്നു പറയുന്നത് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള കലക്ടറുടെ ശ്രമത്തിന്റെ ഭാഗമാണെന്നും ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു.
വോട്ടിങ് മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം ജില്ലയില്‍ ഇത്രയധികം യന്ത്രങ്ങള്‍ ഒരുമിച്ചു തകരാറാവുന്ന സംഭവം ഉണ്ടായിട്ടില്ല. ബോധപൂര്‍വം ആരെങ്കിലും തകരാര്‍ വരുത്തിയതാണെന്ന് പറയത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും യഥാര്‍ഥ കാരണം വ്യക്തമാകും മുമ്പേ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരുകയും തീരുമാനമെടുക്കാന്‍ വൈകിപ്പിക്കുകയും ചെയ്ത കലക്ടറുടെ നടപടി വിവിധ രാഷ്ട്രീയ സംഘടനകള്‍ ചോദ്യം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it