ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ്  ആദ്യം മാറേണ്ടത്: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാരുദ്യോഗസ്ഥരെ വിമര്‍ശിച്ച് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. ജനപക്ഷ സിവില്‍ സര്‍വീസിനായി ചട്ടങ്ങളും നിയമങ്ങളുമല്ല ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ് ആദ്യം മാറേണ്ടതെന്ന് ചീഫ് സെക്രട്ടറി വിജയാനന്ദ് അഭിപ്രായപ്പെട്ടു. 'അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ്' എന്ന വിഷയത്തില്‍ എന്‍ജിഒ യൂനിയന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.  ചീഫ് സെക്രട്ടറി എന്ന പദവിയില്ലാതെ ഒരു ഓഫിസിലേക്ക് ചെല്ലാന്‍ തനിക്കും പേടിയാണ്. ജീവനക്കാരുടെ പെരുമാറ്റത്തിലെ അഹങ്കാരത്തില്‍ തുടങ്ങുന്നു സിവില്‍ സര്‍വീസിന്റെ താഴ്ചയുടെ തുടക്കം. തങ്ങള്‍ വലിയ അധികാരാവകാശങ്ങളുള്ള വിഭാഗമാണെന്ന തോന്നല്‍ മാറണം. തങ്ങള്‍ക്ക് ശമ്പളം നല്‍കുന്നവരാണ് ജനങ്ങളെന്നും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കലാണ് തങ്ങളുടെ കടമയെന്നുമുള്ള ശരിയായ ബോധമാണ് ജീവനക്കാര്‍ക്കുണ്ടാവേണ്ടത്.  ഓരോ വകുപ്പിലും ഓഫിസിലും ചെറിയ കാര്യങ്ങളിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ആവശ്യങ്ങള്‍ നേടാനടക്കമുള്ള സ്വാര്‍ഥ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഒന്നാവും. എന്നാല്‍, ജനസേവനത്തിന്റെ കാര്യത്തില്‍ ഈ ഐക്യമുണ്ടാവാറില്ല. ഓരോ ഓഫിസില്‍നിന്നുമുള്ള സേവനങ്ങള്‍ ലിസ്റ്റ് ചെയ്യാനും ഓരോ ജീവനക്കാര്‍ക്കുമുള്ള ചുമതലകള്‍ വ്യക്തമായി ലിസ്റ്റ് ചെയ്യാനും കഴിയണം. ക്രമമായും സമയബന്ധിതമായും സേവനങ്ങള്‍ നല്‍കാന്‍ കഴിയണം. അവകാശത്തെ ഔദാര്യമാക്കുന്നതും പൊതുസ്വത്ത് സ്വകാര്യാവശ്യത്തിന് ഉപയോഗിക്കുന്നതുമാണ് അഴിമതി. നേരേചൊവ്വേ കാര്യങ്ങള്‍ നടക്കുന്നുവെന്ന തോന്നല്‍ സര്‍ക്കാര്‍ ഓഫിസുകളിലുണ്ടാവണം. നിയമനത്തില്‍ മെരിറ്റ് മാനദണ്ഡമാക്കുന്നതുപോലെ സ്ഥാനക്കയറ്റത്തിനും മാനദണ്ഡമുണ്ടാക്കിയാല്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് വിജയാനന്ദ് പറഞ്ഞു.  നിയമങ്ങളും ചട്ടങ്ങളുമൊന്നും ബാധിക്കാതെതന്നെ ജനോപകാരപ്രദമായി ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. ജനങ്ങളോട് സ്‌നേഹപൂര്‍ണമായും പ്രതിബദ്ധതയോടും പെരുമാറി പരാതികള്‍ പരിഹരിക്കാനും ഫയലുകളില്‍ തീര്‍പ്പാക്കാനും കഴിയും.  സിവില്‍ സര്‍വീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ച അമ്പതുകളിലും അറുപതുകളിലും മികച്ച നേട്ടം രാജ്യത്തുണ്ടായിട്ടുണ്ട്.  എണ്‍പതുകള്‍ക്കുശേഷം ഉദാരവല്‍ക്കരണ നയങ്ങള്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലമാക്കിയെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it