palakkad local

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്നില്ല; താലൂക്ക് വികസന സമിതികള്‍ പ്രഹസനമാവുന്നു

ചിറ്റൂര്‍: പരാതിക്കാരും ഉദ്യോഗസ്ഥരും എത്തിയിട്ടും ജനപ്രതിനിധികളാരും എത്താത്തതിനാല്‍ വികസന സമിതി യോഗം മിക്ക സ്ഥലങ്ങളിലും നടക്കുന്നില്ല. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങള്‍ ഉടനെ തീര്‍പ്പാക്കുന്നതിനായുള്ള താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതികേട്ട് തീര്‍പ്പാക്കുന്നതിന് അധ്യക്ഷ സ്ഥാനത്തേക്ക് ഇരിക്കാന്‍ ഒരു ജനപ്രതിനിധി പോലും എത്താതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം മാറ്റി വച്ചത്.
അവരുടെ അഭാവത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, നഗരസഭാ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ അധ്യക്ഷതയില്‍ യോഗം നടത്താമെന്നാണ് വ്യവസ്ഥ. രാവിലെ തന്നെ അഡീഷണല്‍ തഹസില്‍ദാര്‍ മറ്റ് വകുപ്പ് ജീവനക്കാരും പരാതിക്കാരും എത്തിയിരുന്നു. ഒരു പഞ്ചായത്ത് പ്രസിഡന്റെങ്കിലും ഉച്ചവരെ എത്താതെ വന്നതോടെയാണ് യോഗം മാറ്റിയത്. ചിറ്റൂര്‍-തത്തമംഗലം നഗരസഭ, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂര്‍ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വികസനകാര്യ ചെയര്‍മാന്‍മാര്‍, എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് പങ്കെടുക്കേണ്ടത്. സാധാരണക്കാരുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് തീരുമാനമെടുക്കേണ്ട കര്‍മസമിതിയാണ് നാഥനില്ലാത്ത സ്ഥിതിയായിരിക്കുന്നത്.
എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്ന് വകുപ്പ്തല ജീവനക്കാര്‍ക്ക് കത്ത് നല്‍കാറുണ്ടെങ്കിലും ചുരുക്കം ചില ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്. ഈ അലംഭാവത്തിനെതിരെ മിക്ക യോഗങ്ങളിലും വ്യാപകമായി പരാതി ഉയരുമ്പോള്‍ ജനപ്രതിനിധികളും ഇതേ പാതയിലൂടേയാണ് പോവുന്നതും. എല്ലാമാസവും ആദ്യ ശനിയാഴ്ചകളിലാണ് താലൂക്ക് വികസന സമിതി യോഗം ചേരുന്നത്. അവസാനം യോഗം മാറ്റിയതായി തഹസില്‍ദാര്‍ ജനപ്രതിനിധികളേയും മറ്റുള്ളവരേയും ഫോണിലൂടെയും പത്രവാര്‍ത്തകളിലൂടേയും അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it