ernakulam local

ഉദ്യോഗസ്ഥന്‍മാരുടെയും ജീവനക്കാരുടെയും നിസ്സഹകരണം : ഡ്രൈവിങ് സ്‌കൂളുകാരെയും പഠിതാക്കളെയും ബുദ്ധിമുട്ടിപ്പിക്കുന്നതായി പരാതി



ചെറായി: പറവൂര്‍ ജോ. ആര്‍ടിഒയുടെ ഓഫിസില്‍ ഉദ്യോഗസ്ഥന്‍മാരുടെയും ജീവനക്കാരുടെയും നിസഹകരണം മൂലം ഡ്രൈവിങ് സ്‌കൂളുകള്‍ക്കും പഠിതാക്കള്‍ക്കും ദുരിതമെന്ന് പരാതി. ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്‌ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പഠിതാക്കള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സിനായി ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷയാണ് സ്വീകരിക്കുന്നത്. ജില്ലയിലുള്ള എല്ലാ ഓഫിസുകളിലും അപേക്ഷിച്ച അന്നു തന്നെ പഠിതാക്കള്‍ക്ക് ലേണേഴ്‌സ് പരീക്ഷ എഴുതാന്‍ കഴിയും. എന്നാല്‍ പറവൂരില്‍ മാത്രം 15 ദിവസം വരെ കാത്തിരിക്കേണ്ട ഗതികേടാണെന്നാണ് ഇന്‍സ്ട്രക്‌ടേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. മാത്രമല്ല മറ്റിടങ്ങളില്‍ ലേണേഴ്‌സ് എടുത്ത് 30 ദിവസം കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റിനു സൗകര്യം ചെയ്യും. എന്നാല്‍ ഇവിടെയാവട്ടെ രണ്ട് മാസത്തിലധികം സമയമെടുക്കുന്നുവെന്നാണ് പരാതി. പലയിടത്തും പഠിതാക്കളുടെ സൗകര്യവും ഇന്‍സ്ട്രക്ടര്‍മാരുടെ ആവശ്യവും കണക്കിലെടുത്ത് തിയ്യതികള്‍ മാറ്റി നല്‍കാറുണ്ട്. എന്നാല്‍ പറവൂരില്‍ മാത്രം ഇത് അനുവദിക്കുന്നില്ലത്രേ.  അസോസിയേഷന്‍ ജില്ലാ ആര്‍ടിഒയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ബന്ധപ്പെട്ട ജോ. ആര്‍ടി ഓഫിസില്‍ നിന്നു തന്നെ ചെയ്യാവുന്ന കാര്യമുള്ളതെന്നും അവരാണ് ഇത് ചെയ്യേണ്ടതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ പറവൂര്‍ ജോ. ആര്‍ടി ഓഫിസ് അധികൃതര്‍ ഇത് അംഗീകരിക്കുന്നില്ല. ഇതുമൂലം ഡ്രൈവിങ് പഠിക്കാനെത്തുന്നവര്‍ മൂന്ന് മാസത്തോളം ഇതിനു പുറകെ നടക്കേണ്ട സാഹചര്യമാണ് വൈപ്പിന്‍-പറവൂര്‍ മേഖലയിലെന്ന് അസോസിയേഷന്‍ ഭാരവാഹികളായ എം കെ ജോയി, കെ എസ് രാധാകൃഷ്ണന്‍, എം എസ് കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it