Agriculture

ഉദ്യാനഭംഗിക്ക് പനകള്‍ പലവിധം

ഉദ്യാനഭംഗിക്ക് പനകള്‍ പലവിധം
X
അജയമോഹന്‍




ലാന്‍ഡ്‌സ്‌കേപ്പിങ്ങിനും ആധുനിക രീതിയിലുള്ള ഉദ്യാനങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പനകളും കവുങ്ങുകളും. നല്ലൊരു പുല്‍ത്തകിടിയും ആകര്‍ഷകമായ ഏതാനും പനകളുമുണ്ടെങ്കില്‍ ലാന്‍ഡ്‌സ്‌കേപിങ്ങ് പൂര്‍ത്തിയായി എന്നു കരുതുന്നവരുമുണ്ട്. വിവിധയിനം പനകള്‍ പണ്ടുമുതലേ ഉദ്യാനങ്ങളില്‍ വളര്‍ത്തിവന്നിരുന്നുവെങ്കിലും പുതുതായി പ്രചാരം നേടിയ ചിലയിനങ്ങള്‍ വന്നതോടെ ഈ രംഗത്ത് പുതിയൊരു തരംഗം തന്നെയുണ്ടായിരിക്കുകയാണ്. വീടുകള്‍ക്ക് മാത്രമല്ല, വ്യാപാരസ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ബസ്റ്റാന്‍ഡുകള്‍ക്കും പോലും ഇന്ന് പനകള്‍ അലങ്കാരമായി തീര്‍ന്നിരിക്കുന്നു.
ചെന്തെങ്ങും ഗൗളീഗാത്രത്തെങ്ങുമൊക്കെയാണ് മുന്‍കാലങ്ങളില്‍ ഇതേ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. ഭംഗിക്കൊപ്പം ഇളനീരുകൂടി കിട്ടുമെങ്കിലും തേങ്ങ തലയില്‍ വീഴുന്ന അപകടമൊഴിവാക്കാനാകണം സ്ഥാപനങ്ങളുടെ പൂമുഖം അലങ്കരിക്കുവാന്‍ പനയിനങ്ങള്‍ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയത്. റെഡ് പാം, യെല്ലോ പാം, ട്രാവലേഴ്‌സ് പാം, ഗ്രാന്‍ഡിസ് പാം തുടങ്ങിയവയാണ് ആദ്യം കേരളത്തില്‍ പ്രചാരത്തിലായതെങ്കിലും ഇന്ന് ഇവയ്ക്ക് പ്രചാരം പണ്ടത്തെപ്പോലെയില്ല എന്നു തന്നെ പറയാം. ഫോക്‌സ്‌ടെയില്‍ പാം, ഫീനിക്‌സ് പാം, എന്നിവയ്ക്കാണ് ഇപ്പോള്‍ ഏറെ ഡിമാന്‍ഡ്. പഴയ ഡിമാന്‍ഡില്ലെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഘട്ടങ്ങളില്‍ റെഡ് പാം തന്നെ ഉപയോഗിക്കുന്നവരുമുണ്ട്. യെല്ലോ പാം ആകട്ടെ, ഉദ്യാനങ്ങളുടെ അരികുകളിലേക്കും അതിരുകളിലേക്കുമായി അക്ഷരാര്‍ഥത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.

ഏറെ പ്രചാരം നേടിയ ചില പനയിനങ്ങള്‍ പരിചയപ്പെടാം

ഫോക്‌സ് ടെയില്‍ പാം
fox tailകേരളത്തില്‍ സമീപകാലത്തായി ഏറെ പ്രചാരത്തില്‍ വന്ന പനയിനമാണിത്. സത്യത്തില്‍ ഈ പനയെക്കുറിച്ച് പുറം ലോകത്തിന് തന്നെ അടുത്തകാലം വരെ കാര്യമായി അറിവുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയിലെ ഒരു വനപ്രദേശത്ത് അധികമാരും കാണാതെ വളര്‍ന്നിരുന്ന ഈയിനത്തെ  എഴുപതുകളുടെ അവസാനത്തില്‍ ഒരു ആദിവാസിയാണ് പുറംലോകം കാണിച്ചത്. ആകര്‍ഷകമായി തഴച്ചുവളരുന്ന ഈ പന ലോകമെങ്ങുമുള്ള ഉദ്യാനപ്രേമികളുടെ മനം കീഴടക്കാന്‍ പിന്നെ ഏറെ താമസമുണ്ടായില്ല. ബസ്സ് സ്റ്റേഷനുകളിലും ആശുപത്രി -ബാങ്ക് വളപ്പുകളുമൊക്കെ അലങ്കരിക്കാന്‍ ഏറ്റവുമധികം ഇന്നുപയോഗിക്കുന്നത് ഫോക്‌സ് ടെയില്‍ പാം ആണ്. പേരുപോലെത്തന്നെ കുറുക്കന്റെ വാലുപോലെയുള്ള രണ്ടുമീറ്ററിലേറെ നീളം വരുന്ന ഇലകളാണ് ഇവയുടെ പ്രധാന ആകര്‍ഷണം. വളയങ്ങളോടെയുള്ള വൃത്തിയുള്ള തടിയും ഭംഗി കൂട്ടുന്നു. സാധാരണ അടയ്ക്കയേക്കാള്‍ വലുപ്പമുള്ള കായകള്‍ മുളപ്പിച്ചാണ് വംശവര്‍ധന.

ഫീനിക്‌സ് പാം

phoenix12
മീന്‍മുള്ളുപോലെ ഇലകളുള്ള, നമ്മുടെ നാട്ടിലെ ഈന്തിന് സമാനമായൊരു പനയിനമാണിത്. സാവധാനമുള്ള വളര്‍ച്ചയും തിളക്കമാര്‍ന്ന, ആകര്‍ഷകമായ ഇലച്ചാര്‍ത്തും വന്യമായ ഭംഗിയുണര്‍ത്തുന്ന തടിയുമാണ് ഇവയുടെ പ്രധാന സവിശേഷതകള്‍. ഈന്തപ്പനയുടെ അടുത്ത ബന്ധുവാണ് ഗ്രീക്ക്്് പുരാണത്തിലെ അഗ്നിച്ചിറകുള്ള ഫീനിക്‌സ് പക്ഷിയെ അനുസ്മരിപ്പിക്കുന്ന ഇലകളുള്ള ഈ പന. കാനറി ദ്വീപുകളാണ് സ്വദേശം.

ബിസ്മാര്‍ക്കിയ പാം

bismarkia
നമ്മുടെ നാട്ടിലെ കുടപ്പനയോട് സാമ്യമുള്ള, ആകര്‍ഷകമായ വലിയ ഇലകളുള്ള പനയാണിത്. ആഡംബര ഹോട്ടലുകളുടെ അങ്കണങ്ങളും വലിയ പവീട്ടുമുറ്റങ്ങളുമൊക്കെ അലങ്കരിക്കാന്‍ യോജിച്ച ഇനമാണിത്. അതിരുകളോട് ചേര്‍ന്ന് വരിയായി നടുവാനും ഉദ്യാനങ്ങളുടെ സെന്റര്‍പീസാക്കുവാനും ഒരുപോലെ അനുയോജ്യം.

ബോട്ടില്‍നെക്ക്പാം

bott10
പൂന്തോട്ടത്തില്‍ വലിയൊരു അച്ചാറുഭരണി വെച്ചതുപോലെ തോന്നിക്കുന്ന പനയിനമാണിത്. വലിയ കുപ്പിപോലുള്ള തടിഭാഗവും വിടരാന്‍ തുടങ്ങുന്ന കവുങ്ങോലയെ അനുസ്മരിപ്പിക്കുന്ന ഇലകളുമാണ് പ്രധാന ആകര്‍ഷണം. സ്വദേശം മൗറീഷ്യസ്. 20 അടിവരെ ഉയരം വെക്കുമെങ്കിലും വളരെ സാവകാശമാണ് വളര്‍ച്ച. അതുകൊണ്ടു തന്നെ പൊതുസ്ഥാപനങ്ങള്‍ക്കും വലിയ ക്യാംപസുകള്‍ക്കും മറ്റും യോജിച്ച ഇനം. വില അല്‍പ്പം കൂടുമെങ്കിലും ഒരൊറ്റ എണ്ണം വെച്ചാല്‍ തന്നെ ആഡ്യത്വം തോന്നുമെന്ന പ്രത്യേകതയുണ്ട്.

റാഫിസ് പാം

rhapis_palm
കുറ്റിച്ചെടിയായി കൂട്ടത്തോടെ വളരുന്ന പനയിനമാണിത്. ചെറിയ ഉദ്യാനങ്ങള്‍ക്കും നടപ്പാതയോരങ്ങള്‍ക്കും യോജിച്ച ഇനം. ചട്ടിയിലും വളര്‍ത്താം

റെഡ് പാം

redwax

ആകര്‍ഷകമായ ചുവന്ന കവിളുകളുള്ള ഇലകളാണ് ഇവയുടെ പ്രധാന ഭംഗി. കവുങ്ങിന്റെ ആകൃതിയില്‍ കൂട്ടത്തോടെ വളരുന്ന ഇവയുടെ ചുവട്ടില്‍ നിന്നുള്ള തൈകള്‍ പിരിച്ചുവെച്ചും കായകള്‍ മുളപ്പിച്ചും വംശവര്‍ധന നടത്താം.ലിപ്സ്റ്റിക്ക് പാം എന്നു കൂടി പേരുണ്ട്. പനകളുടെ ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നത് കണ്ട് കേരളത്തിലെ പല നഴ്സറികളും ഈയിനം വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നുണ്ട്.

സൈക്കസ് റെവല്യൂറ്റ

revoluta
പനകളില്‍ നിന്ന് വ്യത്യസ്തമായ സസ്യമാണിതെങ്കിലും ഉദ്യാനപ്രേമികള്‍ പനയായിത്തന്നെ കണക്കാക്കുന്ന ഇനമാണ് സൈക്കസ് റെവല്യൂറ്റ. അധികം ഉയരം വെയ്ക്കാത്തതെങ്കിലും ആകര്‍ഷകമായ നീണ്ട ഇലകള്‍ ഇതിന്റെ പ്രത്യേകതയാണ്. വളരെ സാവധാനമാണ് ഇവയുടെ വളര്‍്ച്ച

അലങ്കാരപ്പനകളുടെ വിപണി
palm-treesപനകള്‍ക്ക് പ്രചാരമേറിയതോടെ ഇവയുടെ കൃഷിയും വലിയൊരു ബിസിനസായി വളര്‍ന്നു കഴിഞ്ഞു. ലാന്‍ഡ് സ്്‌കേപ്പിങ്ങുകള്‍ക്ക് ഉപയോഗിക്കുവാനുതകുന്ന രീതിയില്‍ വലിയ പ്ലാസ്റ്റിക് ചട്ടികളിലും മറ്റും വളര്‍ത്തിയ ഏതു വലുപ്പത്തിലുമുള്ള പനകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് ഈ പനകള്‍ തോട്ടത്തിലെത്തിച്ച്  നട്ടുപിടിപ്പിച്ചു നല്‍കുന്ന നഴ്‌സറികളുമുണ്ട്.

ഗള്‍ഫ് രാജ്യത്തിന്റെ പ്രതീതിയുണര്‍ത്താന്‍ തെങ്ങോളം വലുപ്പമുള്ള സാക്ഷാല്‍ ഈന്തപ്പനകള്‍ തന്നെയും ഈ പന നഴ്‌സറിക്കാര്‍ എത്തിച്ചു തരും. പലതിനും ആയിരങ്ങള്‍ വില വരും, വലിപ്പവും ഇനവുമനുസരിച്ച്.
ആധുനിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായതോടെ പനകള്‍ക്കും ആവശ്യക്കാരേറി. തെങ്ങും കവുങ്ങും പനകളും തഴച്ചുവളരുന്ന കേരളത്തില്‍ ഇവയില്‍ പല ഇനങ്ങളും നന്നായി വളരുമെന്ന് തെളിഞ്ഞുകഴിഞ്ഞു. ഏറെ ലാഭസാധ്യതയുള്ളതാണെങ്കിലും സാവധാനം വളരുന്നവയായതിനാല്‍ ഏറെ ക്ഷമ ആവശ്യമുള്ളതാണ് ഇവയുടെ കൃഷി.
Next Story

RELATED STORIES

Share it