thrissur local

ഉദ്ഘാടന ചെലവില്‍ അഴിമതി : കോര്‍പറേഷന്‍ മറ്റൊരു വെട്ടില്‍



തൃശൂര്‍: ഉദ്ഘാടന ചടങ്ങിന്റെ ചിലവിനെ ചൊല്ലി കോര്‍പറേഷനില്‍ പുതിയ വിവാദം പൊതുമരാമത്ത് സ്ഥിരം സമിതി പ്രി ഓഡിറ്റിന് വിട്ട സോളാര്‍ പ്ലാസ് ഉദ്ഘാടനചടങ്ങിന്റെ ചിലവ് ഫയല്‍ ഡെപ്യൂട്ടി മേയര്‍ തിരിച്ചുവിളിച്ച ബില്‍ തുക പാസാക്കി കൊടുത്തു. ചിലവില്‍ വന്‍ തട്ടിപ്പും അഴിമതിയും നടന്നതായി ആരോപിച്ച് വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ട് പാലിയം റോഡില്‍ കെ നാരായണന്‍കുട്ടി ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി.രണ്ട് കോടി ചിലവില്‍ ജയ്ഹിന്ദ് ബില്‍ഡിങിന് മുകളില്‍ കോര്‍പറേഷന്‍ വൈദ്യുതിവിഭാഗം സ്ഥാപിച്ച സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിന് ചിലവ് 2,30,987 രൂപയായിരുന്നു. ഇതില്‍ താല്‍ക്കാലിക സ്റ്റേജ് കെട്ടാന്‍ മാത്രം ചിലവ് 1,63,000 രൂപ. ലൈറ്റ് ആന്റ് സൗണ്ടിന് 13,640 രൂപ ഉള്‍പ്പെടെ സ്റ്റേജിലെ മറ്റ് സംവിധാനങ്ങള്‍ക്കെല്ലാം ചിലവ് വേറെയുമുണ്ട്. 2016 ഒക്‌ടോബര്‍ 15നാണ് ഉദ്ഘാടനം നടന്നത്.ചിലവ് ഫയല്‍ അംഗീകാരത്തിന് മരാമത്തുകമ്മിറ്റിയില്‍ പരിഗണനക്ക് വന്നപ്പോള്‍ എല്ലാവര്‍ക്കും ഒരേസംശയം. സ്ഥിരം സ്റ്റേജിന് പോലും ഇതിന്റെ പകുതി ചിലവ് വരില്ലെന്നിരിക്കേ താല്‍ക്കാലിക സംവിധാനത്തിന്റെ  വാടകയും കൂലി ചിലവും 1,63,000 രൂപ വന്നതിലായിരുന്നു ശങ്ക. ഇതേ തുടര്‍ന്ന് ചിലവ് പ്രീ-ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ സിപിഎം നേതാവ് അഡ്വ.എം പി ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തു. പ്രതിപക്ഷ നേതാവ് അഡ്വ.എം കെ മുകുന്ദന്‍ ഉള്‍പ്പെടെ കൗണ്‍സിലിലെ പ്രഗത്ഭരടങ്ങുന്നതാണ് മരാമത്ത് കമ്മിറ്റി.വിവരമറിഞ്ഞ ഡെപ്യൂട്ടി മേയര്‍ ഫയല്‍ തിരിച്ചുവിളിച്ചു. ഫയല്‍ അംഗീകരിച്ചുവിട്ടു. ഓഫിസ് പണവും നല്‍കി. മരാമത്ത് സമിതി പ്രീ ഓഡിറ്റിന് വിട്ട ഫയല്‍ തിരിച്ചുവിളിച്ച് പാസാക്കി നല്‍കിയ ഡെപ്യൂട്ടി മേയറുടെ നടപടി അന്യായവും ക്രമവിരുദ്ധവുമാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ.എം കെ മുകുന്ദന്‍ പറഞ്ഞു. നടപടിയും ചിലവുംസംബന്ധിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവരാവകാശ നിയമം അനുസരിച്ച് കെ നാരായണന്‍കുട്ടിക്ക് ലഭിച്ച വിശദീകരണത്തിലാണ് ചിലവുകള്‍ പുറത്തായത്. ചിലവ് കണക്കു തട്ടിപ്പാണെന്നും കുത്തുകണക്കാണെന്നും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണ—മെന്നും ആവശ്യപ്പെട്ട്  വൈദ്യുതി മന്ത്രി, മേയര്‍ മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ വൈദ്യുതി വിഭാഗം അസി. സെക്രട്ടറി എന്നിവര്‍ക്ക് നാരായണന്‍കുട്ടി പരാതി നല്‍കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട വിജിലന്‍സ് സമിതി അധ്യക്ഷന്‍കൂടിയായ ജില്ലാകലക്ടര്‍ക്കും നിവേദനം നല്‍കി. നടപടിയുണ്ടായില്ലെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് നാരായണന്‍കുട്ടി അറിയിച്ചു.
Next Story

RELATED STORIES

Share it