ernakulam local

ഉദ്ഘാടനത്തിന് തൊട്ടുപുറകെ ലീഗ് ഓഫിസിന് നിരോധന ഉത്തരവ്

മട്ടാഞ്ചേരി: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് ഓഫിസിന് മണിക്കുറുകള്‍ക്ക് ശേഷം കോടതിയുടെ നിരോധന ഉത്തരവ്. കൊച്ചി നഗരസഭ മുന്നാം ഡിവിഷന്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ബാഫഖി തങ്ങള്‍ സ്മാരക മന്ദിരത്തിനാണ് കൈമാറ്റ നിരോധന ഉത്തരവ് നിലവില്‍വന്നതും നോട്ടീസ് പതിപ്പിച്ചതും. ഏറെ ആഘോഷപുര്‍വം നടത്തപ്പെട്ട ഓഫിസിന്റെ ഉദ്ഘാടനം മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നടത്തുമെന്നാണ് അറിയിച്ചിരിന്നത്. എന്നാല്‍ മന്ത്രി എത്താത്തതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലീമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മട്ടാഞ്ചേരി ചക്കരയിടുക്ക് ജങ്ഷനിലെ കടമുറിയാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ലീഗ് ഓഫിസായി പ്രവര്‍ത്തനം തുടങ്ങിയത്. കെട്ടിട ഉടമയായ കണ്ണൂര്‍ സ്വദേശിനി ഹാജറയുടെ പരാതിയെതുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹാജറയില്‍നിന്നും വാടകയ്ക്ക് എടുത്ത മട്ടാഞ്ചേരി സ്വദേശി ഗഫുറാണ് ഉടമ അറിയാതെ ലീഗ് കമ്മിറ്റിക്ക് കൈമാറ്റം ചെയ്തത്.
കെട്ടിടം ഒഴിഞ്ഞുതരണമെന്ന് നിരന്തരം അറിയിച്ചിട്ടും അതിന് തയ്യാറാവാതെ കൈമാറ്റം ചെയ്യുകയായിരിന്നു എന്നാണ് പറയപ്പെടുന്നത്. കെട്ടിട ഉടമയും മകളും നേരിട്ടെത്തി കടമുറി ചുണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നിരോധന ഉത്തരവ് പതിപ്പിച്ചത്. ഇതോടെ ലീഗ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it