kozhikode local

ഉദ്ഘാടനത്തിനു മന്ത്രിമാരെ കാത്തുമടുത്തു; പുതിയ കെട്ടിടത്തില്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

പേരാമ്പ്ര: മന്ത്രിമാരെ ഉദ്ഘാടനത്തിന് കിട്ടാനായി കാത്ത് മടുത്തു. ഒടുവില്‍ പേരാമ്പ്ര, ചക്കിട്ടപാറ വില്ലേജ് ഓഫിസുകള്‍ പുതിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടിയായി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലാണു രണ്ടു വില്ലേജ് ഓഫീസുകളും.
രണ്ടിനും കൂടി മൊത്തം ഒരു കോടി രൂപ വകയിരുത്തി ഒരു വര്‍ഷം മുമ്പ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു. വിവിധ കാരണങ്ങളാല്‍ ഉദ്ഘാടനം നടന്നില്ല. രണ്ടു ഓഫിസുകളും സൗകര്യം കുറഞ്ഞ കെട്ടിടങ്ങളിലാണു പ്രവര്‍ത്തിച്ചിരുന്നത്. ഉദ്ഘാടനം നടത്താതെ ഓഫിസുകള്‍ മാറ്റില്ലായെന്ന ചിലരുടെ കടുംപിടുത്തം മുറുകിയപ്പോള്‍ ജനകീയ പ്രക്ഷോഭവുമായി യൂത്തു കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി രംഗത്തു വന്നിരുന്നു.
സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക സമാപനത്തില്‍ ഉദ്ഘാടനം നടത്താന്‍ തിയ്യതി നിശ്ചയിച്ചെങ്കിലും നിപാ ബാധ കാരണം പരിപാടി മാറ്റി. ഇതോടെ ഉദ്ഘാടനത്തിനു കാക്കാതെ വില്ലേജു ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റണമെന്ന ആവശ്യമുയര്‍ന്നു.
കഴിഞ്ഞ കൊയിലാണ്ടി താലൂക്കുവികസന സമിതിയില്‍ ഇത് സംബന്ധിച്ചു അംഗം രാജന്‍ വര്‍ക്കി ചോദ്യമുന്നയിച്ചു. അടിയന്തരമായി വില്ലേജ് ഓഫീസുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കുമെന്നു തഹസില്‍ദാര്‍ പി പ്രേമന്‍ മറുപടി നല്‍കി. രണ്ടു ദിവസം മുമ്പ് പേരാമ്പ്ര വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ചക്കിട്ടപാറ വില്ലേജ് ഓഫീസ് ചൊവ്വാഴ്ചയോടെ പുതിയ കെട്ടിടത്തിലേക്കു മാറ്റാനായി ക്ലീനിംഗ് നടന്നുകൊണ്ടിരിക്കയാണ്.
Next Story

RELATED STORIES

Share it