Flash News

ഉദ്ഘാടനച്ചടങ്ങ് കെപിസിസി ബഹിഷ്‌കരിക്കില്ല : ഹസന്‍



തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയി ല്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫിസ് തരംതാണ സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.  പ്രതിപക്ഷനേതാവിനെയും ഇ ശ്രീധരനെയും വേദിയിലിരിക്കാന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടിവന്നതു പ്രതിഷേധാര്‍ഹമാണ്. ഇതില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രധാനമന്ത്രി ഓഫിസിന്റെ നടപടി കേരള ജനതയോടുള്ള അവഹേളനമാണ്. കൊച്ചി മെട്രോയുടെ 90 ശതമാനം പ്രവൃത്തിയും നടപ്പാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ മെട്രോ പദ്ധതിയുടെ ഉദ്ഘാടനം വിജയിപ്പിക്കേണ്ടത് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും ഉദ്ഘാടനച്ചടങ്ങ് കെപിസിസി ബഹിഷ്‌കരിക്കില്ലെന്നും എം എം ഹസന്‍ അറിയിച്ചു. തുഗ്ലക് ഭരണകാലത്തെ ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍ പോലെയാണു കേന്ദ്രസര്‍ക്കാരിന്റെ അടുത്തകാലത്തെ പല വിജ്ഞാപനങ്ങളും. ഗര്‍ഭിണികള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്നും ലൈംഗികബന്ധത്തി ല്‍ ഏര്‍പ്പെടരുതെന്നുമുള്ള ആയുഷ് വകുപ്പിന്റെ ഉപദേശം സംഘപരിവാരത്തിന്റെയും ആര്‍എസ്എസിന്റെയും രഹസ്യ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ്. പനി ബാധിച്ച് ഒന്നര ലക്ഷത്തിലധികം സാധാരണക്കാര്‍ ചികില്‍സ തേടേണ്ടിവന്നത് മഴക്കാല ശുചീകരണപ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പരാജയമാണെന്നും ഹസന്‍ പറഞ്ഞു. പോലിസ് ആസ്ഥാനത്തെ ഡിജിപിമാരുടെ അധികാരവടംവലി പ്രോല്‍സാഹിപ്പിക്കുന്നത് സര്‍ക്കാരാണ്. ഡിജിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണ് ടോമിന്‍ തച്ചങ്കരിയെ മുഖ്യമന്ത്രി പോലിസ് ആസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. സര്‍ക്കാരിന് സെന്‍കുമാറിനോടുള്ള പ്രതികാരത്തിന്റെ പേരിലാണ് പോലിസിന്റെ ഭരണനിര്‍വഹണം സ്തംഭിപ്പിച്ചതെന്നും ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it