Idukki local

ഉദ്ഘാടനം നടത്തി നാലുമാസമായിട്ടും അടിമാലിയിലെ ആധുനിക അറവുശാല തുടങ്ങുന്നില്ല

അടിമാലി: 65 ലക്ഷം രൂപയിലേറെ തുക മുതല്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ അടിമാലി ഗ്രാമപഞ്ചായത്തിന്റെ ആധുനിക അറവുശാലയുടെ പ്രവര്‍ത്തനം തുടങ്ങാനായില്ല.കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നാലുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത അറവുശാലയാണ് ഇനിയും തുടങ്ങാത്തത്. ശുചിത്വ മിഷനും പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
അടിമാലി ടൗണിന് സമീപമായി മാര്‍ക്കറ്റിലെ ഈ അറവുശാലയില്‍ പൂര്‍ണമായ യന്ത്രവത്കൃത സംവിധാനമാണ് ഉപയോഗിക്കുന്നത്. മൂന്നു മുറികളുള്ള അറവുശാലയില്‍ ആടുകള്‍ക്കും മാടുകള്‍ക്കുമായി രണ്ടു മുറികള്‍ പ്രത്യേകം തിരിച്ചിട്ടുണ്ട്. അറവുചെയ്യാനായി കൊണ്ടുവരുന്ന മൃഗത്തിന് അസുഖങ്ങളൊന്നുമില്ലായെന്ന് ഉറപ്പ് വരുത്തുന്നതിന് വെറ്ററിനറി ഡോക്ടറുടെ സേവനവും ഉറപ്പാക്കും. ഡോക്ടറുടെ പരിശോധനക്കും മറ്റുമായി പ്രത്യേകം മുറി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. അറവുചെയ്യുന്ന മൃഗത്തെ മയക്കുവെടിവെച്ച് മയക്കിയതിന് ശേഷമാണ് കൊല്ലുന്നത്. മൃഗങ്ങളുടെ രക്തം, ചാണകം എന്നിവ അറവുശാലയുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പഌന്റിലേക്ക് എത്തിക്കുന്ന സംവിധാനവും ആധുനിക അറവുശാലയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് അറകളായാണ് ഇതിനുള്ള പഌന്റ് നിര്‍മിച്ചിരിക്കുന്നത്.
അറവുശാലയിലെ മലിനജലം പുറന്തള്ളുന്നതിനുള്ള ടാങ്കിന്റെ നിര്‍മാണവും പൂര്‍ത്തിയായി. ആധുനിക അറവുശാലയോടനുബന്ധിച്ച് ഉല്‍പാദിപ്പിക്കുന്ന ബയോഗ്യാസ് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് നടപടി പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞിരുന്നു. ശബ്ദരഹിത അറവുശാലയില്‍ മൃഗങ്ങളെ മയക്കിയതിനുശേഷം കൊല്ലുന്നതിനാല്‍ ദേഹപീഢകളോ മറ്റ് തരത്തിലുള്ള പീഡനങ്ങളോ അവക്ക് അനുഭവിക്കേണ്ടി വരുന്നില്ല എന്നതും ഈ അറവുശാലയുടെ പ്രത്യേകതയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കിയതാല്ലാതെ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് അധികൃതരില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it