malappuram local

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം; ചോക്കാട് നാല്‍പത് സെന്റ് കെട്ടുങ്ങല്‍ റോഡ് തകര്‍ന്നു

കാളികാവ്: നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഒരുമാസം പിന്നിട്ടപ്പോഴേക്കും റോഡ് പൂര്‍ണമായി തകര്‍ന്നു. ചോക്കാട് പഞ്ചായത്തിലെ നാല്‍പ്പത് സെന്റ് കെട്ടുങ്ങല്‍ റോഡാണു തകര്‍ന്ന് തരിപ്പണമായത്. റോഡ് നിര്‍മാണത്തിലെ അപാകതയും, അമിത ലോഡില്‍ പ്രദേശത്തുനിന്നു മുറിച്ചു മാറ്റിയ റബര്‍ മരങ്ങള്‍ കൊണ്ടുപോയതും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായതായി നാട്ടുകാര്‍ ആരോപിക്കുന്നു.
മെയ് 11ന് വണ്ടൂര്‍ നിയോജക മണ്ഡലം എംഎല്‍എ എ പി അനില്‍കുമാറാണ് 680 മീറ്റര്‍ നീളത്തിലുള്ള റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നു അനുവദിച്ച 25 ലക്ഷം രൂപചിലവഴിച്ച്് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു. ടാറിങിന് പുറമേ റോഡിന്റെ സൈഡുകളിലായി കോണ്‍ക്രീറ്റ് പ്രവൃത്തിയും നടന്നിട്ടുണ്ട്. എന്നാല്‍, റോഡ് നിര്‍മാണത്തിലെ അഴിമതി കാരണം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ റോഡിന്റെ തകര്‍ച്ച ആരംഭിച്ചതായും നാട്ടുകാര്‍ പറയുന്നു.  സമീപത്തെ സ്വകാര്യ റബര്‍ തോട്ടത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടന്നതായും ഈ മരങ്ങളെല്ലാം വലിയ ലോറികളില്‍ അമിത ലോഡുകളായി ഇതുവഴി കടത്തികൊണ്ടുപോയെന്നും ഒരുപരിധി വരെ റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായതായി പ്രദേശവാസികള്‍ പറയുന്നു.  ചോക്കാട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖനാണ് മരം കൊണ്ട് പോയതെന്നും ഇത് സംബന്ധിച്ചുണ്ടായ നാട്ടുകാരുടെ നിര്‍ദേശം ഇദ്ദേഹം മുഖവിലയ്‌ക്കെടുത്തില്ല. പ്രതിഷേധം ശക്തമായപ്പോള്‍ മരം പൂര്‍ണമായും മുറിച്ചുമാറ്റിയശേഷം റോഡിന്റെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കാമെന്ന നിര്‍ദേശമാണു ലഭിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.
റോഡ് നിര്‍മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെയും, റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരനായവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it