kasaragod local

ഉദ്ഘാടനം കഴിഞ്ഞിട്ടും പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം സജ്ജമായില്ല

തൃക്കരിപ്പൂര്‍: ഒരുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം ഉപയോഗിക്കുന്നില്ല. 35 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം കഴിഞ്ഞ മാസം 13നാണ് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തത്. പഴയ കെട്ടിടത്തിലെ സാങ്കേതിക സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന പ്രവൃത്തി വൈകുന്നതാണ് കെട്ടിടം പ്രയോജനപ്പെടാതിരിക്കാന്‍ കാരണം.
മണ്‍സൂണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും സിഗ്‌നല്‍, ആശയവിനിമയ, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന പ്രവൃത്തി തുടങ്ങാന്‍ പോലും സാധിച്ചില്ല. സൗകര്യങ്ങള്‍ ഒരുക്കാതെ പുതിയ കെട്ടിടം ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.  അതിനിടെ സാങ്കേതിക തടസം നേരിട്ടതിനെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിര്‍ത്തലാക്കിയിട്ട് പത്തുദിവസം പിന്നിടുകയാണ്. ഇ ന്റര്‍നെറ്റ് കണക്ഷനിലുള്ള പ്രശനമാണെന്നും ബിഎസ്എന്‍എല്‍ ആണ് ഇത് പരിഹരിക്കേണ്ടതെന്നും റെയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള ബ്രോഡ്ബാന്‍ഡ് കേബിളില്‍ ഒരു തടസവും ഇല്ലെന്ന് തൃക്കരിപ്പൂര്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌റ്റേഷന്‍ കെട്ടിടത്തിന് അകത്തുള്ള സാങ്കേതിക തകരാര്‍ റെയില്‍വേയുടെ ഉദ്യോഗസ്ഥരാണ് പരിഹരിക്കുക. തൃക്കരിപ്പൂരിലെ റിസര്‍വേഷന്‍ തടസ്സപ്പെട്ടത് സംബന്ധിച്ച് അസി.ഡിവിഷണല്‍ മാനേജരെ ബന്ധപ്പെട്ടപ്പോള്‍ ചൊവ്വാഴ്ചക്കകം പ്രശനം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ പ്രശ്‌നം പരിഹരിക്കുവാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. മാത്രമല്ല ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനുള്ള നീക്കവും ഉദ്യോഗസ്ഥര്‍ നടത്തുകയാണ്. റിസര്‍വേഷന്‍ മുടങ്ങിയതുസംബന്ധിച്ച് എംപിയുടെ ഓഫിസില്‍ നിന്ന് പാലക്കാട് ഡിആര്‍എമ്മിന് ഫാക്‌സ് സന്ദേശം അയച്ചിരുന്നു. പക്ഷെ ഇതിലും നടപടി ഉണ്ടായില്ല.
Next Story

RELATED STORIES

Share it