kasaragod local

ഉദുമ മണ്ഡലത്തിലെ പരാജയം പുല്ലൂര്‍ പെരിയയിലെ കോണ്‍ഗ്രസ് വോട്ടുചോര്‍ച്ച മൂലം

കാസര്‍കോട്: കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ മല്‍സരിച്ച ഉദുമ മണ്ഡലത്തില്‍ പരാജയത്തിനിടയാക്കിയത് കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടായിരുന്ന പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ 1640 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടുതല്‍ നേടിയത് മൂലമാണെന്നും ഇത് ഗൗരവമായി കാണണമെന്നും ഇന്നലെ ഡിസിസി ഓഫിസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന് വോട്ടുചെയ്തതുമൂലമാണ് കെ സുധാകരന്‍ പരാജയപ്പെട്ടത്. മാത്രവുമല്ല യുഡിഎഫിന് ആധിപത്യമുള്ള പള്ളിക്കര, ചെമനാട് പഞ്ചായത്തുകളിലും തീരദേശ മേഖലയിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ യുഡിഎഫിനായില്ല. യുഡിഎഫ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ല. എന്നാല്‍ ഉദുമ പഞ്ചായത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുവെന്നും യോഗം നിരീക്ഷിച്ചു. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും യോഗം വിലയിരുത്തി.
അതേസമയം യുഡിഎഫിന് ദേലമ്പാടി, ബേഡകം, കുറ്റിക്കോല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായി. ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കാര്യം കൂടുതല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പക്ഷേ കോണ്‍ഗ്രസ്സിന്റെ സംസ്‌കാരത്തിന് നിലക്കാത്ത രൂപത്തില്‍ ചിലര്‍ നടത്തിയ വോട്ടുമറിക്കല്‍ ഗൗരവമായി കാണണമെന്നും ആവശ്യമുയര്‍ന്നു.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പരാജയം സ്ഥാനാര്‍ഥിത്വം വൈകിയതും പാളിച്ചകളുമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. വേണ്ടത്ര ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് തയ്യാറായില്ല. തൃക്കരിപ്പൂരില്‍ യുഡിഎഫില്‍ വോട്ടുചോര്‍ച്ചയുണ്ടായില്ലെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. നേതൃത്വത്തിന്റെ പോരായ്മയാണ് ഇത് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം അടിമുടി അഴിച്ചുപണിയണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അഡ്വ. സി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥികളായ കെ സുധാകരന്‍, ധന്യാസുരേഷ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരും പി ഗംഗാധരന്‍നായര്‍, പി എ അഷറഫലി, കെ വെളുത്തമ്പു, എം സി ജോസ്, കെ നീലകണ്ഠന്‍, ഹക്കീം കുന്നില്‍, എ ഗോവിന്ദന്‍നായര്‍, ഹരീഷ് പി നായര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it