kasaragod local

ഉദുമ ഡിവിഷന്‍ വേണമെന്ന് മുസ്്‌ലിം ലീഗ്; പറ്റില്ലെന്ന് കോണ്‍ഗ്രസ്

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷന്‍ തങ്ങള്‍ക്ക് വേണമെന്ന് മുസ്്‌ലിംലീഗ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇന്നലെ നടന്ന യു.ഡി.എഫ്. ജില്ലാ കമ്മിറ്റി ചര്‍ച്ച പരാജയപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയെ ഈ ഡിവിഷനില്‍ മല്‍സരിപ്പിക്കാനാണ് മുസ്്‌ലിംലീഗ് സീറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍, ഡി.സി.സി. ജില്ലാ ഖജാഞ്ചി പാദൂര്‍ കുഞ്ഞാമുഹാജി തനിക്ക് ഈ ഡിവിഷന്‍ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടത്. ഇതിന് പകരം പെരിയ ഡിവിഷന്‍ കോണ്‍ഗ്രസ്സിന് നല്‍കാമെന്നാണ് മുസ്്‌ലിംലീഗ് വാഗ്ദാനം. കഴിഞ്ഞ തവണ മുസ്്‌ലിംലീഗ് ഏഴ് സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇതില്‍ മൂന്ന് സീറ്റുകളിലാണ് വിജയിച്ചത്.

മഞ്ചേശ്വരം, കുമ്പള, എടനീര്‍, ദേലമ്പാടി, ചെങ്കള, പള്ളിക്കര, തൃക്കരിപ്പൂര്‍ ഡിവിഷനുകളിലാണ് മുസ്്‌ലിംലീഗ് മല്‍സരിച്ചിരുന്നത്. ഇപ്രാവശ്യം ജില്ലാ പഞ്ചായത്തിലെ അംഗസഖ്യ പതിനേഴ് ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് മുസ്്‌ലിംലീഗ് പയറ്റുന്നത്. മുന്‍മന്ത്രി സി ടി അഹമ്മദലിയെ എടനീര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കി കഴിഞ്ഞ തവണ നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചുപിടിക്കാന്‍ മുസ്്‌ലിംലീഗിലെ ഒരു വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യവുമായി നടക്കുന്ന ചില നേതാക്കളാണ് സി ടിയെ ജില്ലാ ഡിവിഷനിലേക്ക് മല്‍സരിപ്പിക്കാന്‍ ചരട് വലിക്കുന്നത്. എന്നാല്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ സി ടിക്ക് ജില്ലാ പഞ്ചായത്ത് നല്‍കി നിയമസഭാ മണ്ഡലം സുരക്ഷിതമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം പ്രവര്‍ത്തര്‍ പറയുന്നു. അധികാര വികേന്ദ്രീകരണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച ഖ്യാതിയുള്ള സി ടി അഹമ്മദലിക്ക് തന്റെ അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട എടനീര്‍ ഡിവിഷനില്‍ എളുപ്പത്തില്‍ വിജയിക്കാനാവുമെന്നാണ് ഇദ്ദേഹത്തിന്റെ എതിര്‍പക്ഷം കണക്കുകൂട്ടുന്നത്. യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച ഇന്നും തുടരും. നാളെ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥികളുടെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുമെന്ന് ഒരു മുതിര്‍ന്ന മുസ്്‌ലിംലീഗ് നേതാവ് തേജസിനോട് പറഞ്ഞു. വാര്‍ഡ് തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പേരുകള്‍ പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവിടെ പരിഹാരമാവാത്ത സ്ഥാനാര്‍ഥിത്വം മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിക്കും..
Next Story

RELATED STORIES

Share it