ഉദുമയില്‍ മുന്നണികള്‍ക്ക് ജീവന്‍മരണ പോരാട്ടം

ഉദുമ: മണ്ഡലം രൂപീകരണത്തിനു ശേഷം സോഷ്യലിസ്റ്റിനും കോണ്‍ഗ്രസ്സിനും രണ്ട് തവണ അനുകുലമായ മണ്ഡലമാണ് ബേക്കല്‍ അന്താരാഷ്ട്ര ടൂറിസം കേന്ദ്രം ഉള്‍ക്കൊള്ളുന്ന ഉദുമ..
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സിപിഎം അംഗങ്ങള്‍ മാത്രം ജയിക്കുന്ന ഈ മണ്ഡലത്തില്‍ ഇപ്രാവശ്യം യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസ്സിലെ കെ സുധാകരനാണ് രംഗത്തുള്ളത്. ലീഗിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഇപ്രാവശ്യം കണ്ണൂരില്‍ നിന്നുള്ള കെ സുധാകരനെ ഉദുമയില്‍ സ്ഥാനാര്‍ഥിയാക്കിയത്.
സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമന്‍ വീണ്ടും മല്‍സരത്തിനിറങ്ങിയ ഈ മണ്ഡലത്തില്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്. മണ്ഡലത്തില്‍ നിരവധി പാലങ്ങളും റോഡുകളും ഇദ്ദേഹത്തിന്റെ ശ്രമഫലമായി യഥാര്‍ഥ്യമായിരുന്നു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മിനകത്തുള്ള അസ്വാരസ്യങ്ങളും വിഭാഗീയതയും മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ്സിലെ വിഭാഗീയതമൂലം പലപ്പോഴും മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടുകയായിരുന്നു. ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. എന്നാല്‍, പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വടകര-ബേപ്പൂര്‍ മോഡല്‍ നീക്കുപോക്കിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 1977ല്‍ രൂപംകൊണ്ട മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ എന്‍ കെ ബാലകൃഷ്ണന്‍ ഭാരതീയ ലോക്ദളിലെ കെ ജി മാരാരെ 3,555 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരവധി കാലം സിപിഎം ഭരിച്ചിരുന്ന ഉദുമ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. മണ്ഡലത്തിലെ ചെമനാട്, മുളിയാര്‍, ഉദുമ പഞ്ചായത്തുകള്‍ യുഡിഎഫും പുല്ലൂര്‍-പെരിയ, പള്ളിക്കര, കുറ്റിക്കോല്‍, ബേഡകം, ദേലംപാടി പഞ്ചായത്തുകള്‍ എല്‍ഡിഎഫും ഭരിക്കുന്നു.
തീരദേശ, മലയോര, അതിര്‍ത്തി മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മണ്ഡലം. കഴിഞ്ഞ കുറേകാലമായി കോണ്‍ഗ്രസ് ശക്തരല്ലാത്ത സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതാണ് മണ്ഡലം എല്‍ഡിഎഫിന് കുത്തകയാവാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, ഇപ്രാവശ്യം സുധാകരനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഈഴവ സുദായത്തിന് മുന്‍തൂക്കുള്ള മണ്ഡലമാണ് ഇത്. സിപിഎം സ്ഥാനാര്‍ഥി മണിയാണി വിഭാഗത്തില്‍ പെട്ടയാളാണ്. സംസ്ഥാനത്ത്തന്നെ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന മല്‍സരം നടക്കുന്ന മണ്ഡലം കൂടിയാണിത്.
Next Story

RELATED STORIES

Share it