Cricket

ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്; രാജസ്ഥാനെ തകര്‍ത്തു

ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്; രാജസ്ഥാനെ തകര്‍ത്തു
X

ജയ്പൂര്‍: ഹൈദരാബാദിന്റെ  ബൗളര്‍മാര്‍ സര്‍വാധിപത്യം പുറത്തെടുത്ത മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 11 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.  റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാണിച്ച ഹൈദരാബാദ് ബൗളര്‍മാരാണ് രാജസ്ഥാന് വിജയം നിഷേധിച്ചത്.
ടോസിന്റെ കരുത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബിന് വേണ്ടി ക്യാപ്്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (63) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 43 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് വില്യംസണിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. അലെക്‌സ് ഹെയ്ല്‍സും ( 39 പന്തില്‍ 45) ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും കൃഷ്ണപ ഗൗതം രണ്ട് വിക്കറ്റും സ്വന്തമാക്കി. ജയദേവ് ഉനദ്ഘട്ട്, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് വേണ്ടി അജിന്‍്ക്യ രഹാനെ (65*) അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. മലയാളി താരം സഞ്ജു സാംസണും (30 പന്തില്‍ 40) രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. ബെന്‍ സ്റ്റോക്‌സ് (0), ജോസ് ബട്‌ലര്‍ (11) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.
ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ഥ് കൗല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, ബേസില്‍ തമ്പി, റാഷിദ് ഖാന്‍, യൂസഫ് പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
ജയത്തോടെ എട്ട് മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ചെന്നൈയെ മറികടന്ന് ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുള്ള രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it