ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: നീതിക്കായി നിലകൊണ്ട ഉദ്യോഗസ്ഥരുടെ വിജയം

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ് കേരള ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക നീതിക്കായി നിലകൊണ്ട ഉദ്യോഗസ്ഥരുടെ വിജയം എന്നു കൂടിയായിരിക്കും. കസ്റ്റഡി മരണം സംശയിക്കുന്നുവെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും അന്നത്തെ തിരുവനന്തപുരം ആര്‍ഡിഒ കെവി മോഹന്‍കുമാര്‍ റിപോര്‍ട്ട് എഴുതിയതോടെയാണ് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള പോലിസിന്റെ വഴികള്‍ അടഞ്ഞത്.
നെഞ്ചുവേദനയെ തുടര്‍ന്ന് സ്—റ്റേഷനില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഉദയകുമാര്‍ അവിടെ വച്ച് മരിച്ചെന്നായിരുന്നു പോലിസ് റിപോര്‍ട്ട്. എന്നാല്‍ സൂക്ഷ്മപരിശോധനയിലൂടെ ആര്‍ഡിഒ തെളിവുകള്‍ കണ്ടെത്തിയതോടെ കേസിന്റെ ഗതിതന്നെ മാറി. സിഐയുടെ അഭ്യര്‍ഥനപ്രകാരമാണ് ആര്‍ഡിഒ സ്ഥലത്തെത്തുന്നത്. മൃതദേഹം പരിശോധിച്ചപ്പോഴാണു തുടയില്‍ ചുവന്ന നിറത്തില്‍ വലിയ പാടുകള്‍ കണ്ടെത്തത്തിയത്. ത്വഗ്‌രോഗത്തിന്റേതെന്നായിരുന്നു സീനിയര്‍ പോലിസ് ഓഫിസറുടെ വിശദീകരണം. കറുത്ത ഭാഗത്ത് തൊട്ടപ്പോള്‍ വിരല്‍ താഴ്ന്നുപോയതിനാല്‍ സോറിയാസിസ് അല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി.
ഉപ്പൂറ്റിയില്‍ ലാത്തി കൊണ്ട് അടിയേറ്റ പാടുകളും ശരീരത്തില്‍ പലയിടത്തും ഉരഞ്ഞ പാടുകളും പരിക്കുകളും കണ്ടെത്തി. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍ സംഘത്തിനെ പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ദേശിക്കുകയായിരുന്നു. കടുപ്പമേറിയ എന്തോ ഉപകരണം കൊണ്ട് തുടയില്‍ ശക്തിയായി ഉരുട്ടിയതാണു മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കെ വി മോഹന്‍ കുമാര്‍. സ്‌കൂളില്‍ സഹപാഠിയായിരുന്ന മേലുദ്യോഗസ്ഥനോടു ഫോര്‍ട്ട് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിജയകുമാര്‍‘തന്റെ ഗുണ്ടകള്‍ ഒരുത്തനെ തല്ലിക്കൊന്നിട്ടുണ്ടെന്ന് ഫോണില്‍ പറഞ്ഞ വാചകവും കേസില്‍ നിര്‍ണായക തെളിവായി.  ഇതു മുഖ്യ തെളിവില്‍ ഒന്നായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഉദയകുമാര്‍ മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ക്രൂരമര്‍ദനമേറ്റെന്നു പറഞ്ഞിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. ശ്രീകുമാരി മൊഴി നല്‍കി.
മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ഉഷാകുമാരിയും അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് അലക്‌സാണ്ടറും ഇരുമ്പ് പൈപ്പ് തിരിച്ചറിഞ്ഞു. ലോക്കപ്പില്‍ നിന്ന് ഉദയന്റെ നിലവിളി കേട്ടെന്ന് വനിത സിപിഒ രജനിയും രേഖകള്‍ ഉദ്യോഗസ്ഥര്‍ തിരുത്തിച്ചെന്ന് സിപിഒ തങ്കമണിയും സിബിഐ കോടതിയില്‍ മൊഴി നല്‍കി.
ഇരുമ്പുകട്ടിലും ജിഐ പൈപ്പും ബെഞ്ചും എത്തിച്ചത് എസ്പി ക്യാംപില്‍ നിന്നാണെന്നു റൈറ്റര്‍ ഗോപകുമാറും മൊഴി നല്‍കി. കേസിന്റെ വിചാരണാ വേളയില്‍ പ്രധാന സാക്ഷി സുരേഷ് കുമാറും പോലിസുകാരും ഉള്‍പ്പെടെ അഞ്ച് സാക്ഷികള്‍ കൂറുമാറിയപ്പോഴാണ് ഒരുപറ്റം ഉദ്യോഗസ്ഥര്‍ ഭീഷണികള്‍ അതിജീവിച്ച് സത്യത്തിനൊപ്പം നിന്നത്. അതേസമയം പോലിസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വധശിക്ഷ ലഭിക്കുന്നതു സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ഉദയകുമാറെന്ന യുവാവിനെ ഉരുട്ടിക്കൊന്ന രണ്ടു പോലിസുകാര്‍ക്ക് വധശിക്ഷ ലഭിച്ചത് പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതു കൂടിയായി.
Next Story

RELATED STORIES

Share it