ഉദയംപേരൂര്‍ ഐഒസി പ്ലാന്റ്: സമരം പിന്‍വലിച്ചു

തൃപ്പൂണിത്തുറ: ഐഒസി ഉദയംപേരൂര്‍ പ്ലാന്റിലെ ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച അപ്രഖ്യാപിത സമരം ഇന്നലെ രാവിലെയോടെ അവസാനിച്ചു. ഇന്നലെ രാവിലെ തന്നെ എല്ലാ തൊഴിലാളികളും ജോലിക്ക് കയറിയതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പുനരാംരംഭിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ഒരു വിഭാഗം കരാര്‍ തൊഴിലാളികള്‍ അപ്രഖ്യാപിതമായി പണിമുടക്കി. ഇതില്‍ പ്രതിഷേധിച്ച് ലോറി തൊഴിലാളികള്‍ പണിമുടക്കിയതും ലോഡിങ്ങിനായി പ്ലാന്റിനകത്ത് പ്രവര്‍ത്തിക്കുന്ന കണ്‍വെയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചതുമാണ് മൂന്ന് ദിവസത്തോളം പ്ലാന്റിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത്. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കോട്ടയം, എറണാകുളം ജില്ലകളിലെ ഗ്യാസ് ഏജന്‍സികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ഇന്നലെ രാവിലെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം തൊഴിലാളികള്‍ ജോലിക്കു കയറുകയായിരുന്നു. മൂന്നാഴ്ചയിലധികം പ്ലാന്റിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്നും ആക്ഷേപമുണ്ട്.
ഈ മാസം ആദ്യവാരം ആരംഭിച്ച മെല്ലെപ്പോക്ക് സമരം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരമാണ് അവസാനിപ്പിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് 15 ദിവസത്തിനകം പരിഹാരം കാണാന്‍ മാനേജ്‌മെന്റിനും കരാറുകാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും ഉടന്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും യൂനിയന്‍ നേതാവ് ടി കെ പ്രസാദ് പറഞ്ഞു.
Next Story

RELATED STORIES

Share it