Flash News

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു ; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ പരീക്ഷണം



സോള്‍: യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വിക്ഷേപണത്തിന് ശേഷം ആറ് മിനിറ്റു സഞ്ചരിച്ച ഹ്രസ്വദൂര മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായി അമേരിക്കന്‍ പസഫിക് കമാന്‍ഡ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിശദമായ വിലയിരുത്തലുകള്‍ ആവശ്യമാണെന്നും അവര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ നടത്തുന്ന മൂന്നാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്. മിസൈലിന് 450 കിലോമീറ്റര്‍ ദൂരപരിധിയുണ്ടായിരുന്നതായി ദക്ഷിണ കൊറിയന്‍ സൈന്യം സ്ഥിരീകരിച്ചു. ജപ്പാന്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാനും വ്യക്തമാക്കി. വടക്കന്‍ കൊറിയ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് വീണ്ടും മിസൈല്‍ പരീക്ഷണം. ജി-7 ഉച്ചകോടിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതും അമേരിക്കവരെ എത്താന്‍ സാധിക്കുന്നതുമായ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉത്തര കൊറിയ. ഈ ശ്രേണിയിലെ ഏറ്റവും പുതിയ പരീക്ഷണമാണ് ഇന്ന് നടന്നത്. മിസൈല്‍ പരീക്ഷണത്തെ ദക്ഷിണ കൊറിയയും ജപ്പാനും അപലപിച്ചു. പ്യോങ്‌യാങിന്റെ പ്രകോപനം അനുവദിക്കാനാവില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it