Flash News

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു



സോള്‍: കൊറിയന്‍ മുനമ്പിനെ വീണ്ടും സംഘര്‍ഷഭരിതമാക്കി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ബാലിസ്റ്റിക് മിസൈലെന്ന് തോന്നിപ്പിക്കുന്ന മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയയാണ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, പരീക്ഷണം വിജയകരമാണോയെന്നു വ്യക്തമല്ല. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ കുസോംഗില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ വിക്ഷേപിച്ച മിസൈല്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് ജപ്പാന്‍ കടലില്‍ പതിച്ചെന്നാണു വിവരം. ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുന്ന ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മുന്‍ ജേ ഇന്നിന് തിരിച്ചടിയാണ് പരീക്ഷണം. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തു നിന്ന് 400 കിലോമീറ്റര്‍ മാറിയാണ് മിസൈല്‍ പതിച്ചതെന്നും പുതിയൊരുതരം മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നും ജപ്പാന്‍ പ്രതിരോധമന്ത്രി അറിയിച്ചു. അതേസമയം, മിസൈല്‍ പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അല്ല ഉത്തര കൊറിയ പരീക്ഷിച്ചതെന്നും അമേരിക്കന്‍ പസഫിക് സേനാ കമാന്‍ഡ് അറിയിച്ചു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിഷേധിച്ചു. മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയക്കെതിരേ ഉപരോധം കടുപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്കെതിരേ യുഎസ് ശക്തമായി രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it