World

ഉത്തര കൊറിയ പ്രധാന ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കും

സോള്‍: പ്രധാന ആണവ പരീക്ഷണ കേന്ദ്രം ഉത്തര കൊറിയ നശിപ്പിക്കുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. ഉത്തര കൊറിയയിലെ പ്യോങ്യാങില്‍ നടക്കുന്ന ഉത്തര കൊറിയ-ദക്ഷിണ കൊറിയ നേതാക്കളുടെ ഉച്ചകോടിയുടെ രണ്ടാംഘട്ട ചര്‍ച്ചയ്ക്കു ശേഷമാണ് ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തിയത്.
ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ ഭരണാധികാരി മൂണ്‍ ജെ ഇന്നും അറിയിച്ചു. പ്രധാന ആണവ പരീക്ഷണ കേന്ദ്രം ടോങ്ചാങ് റി നശിപ്പിക്കുമെന്നു കിം ഉറപ്പു നല്‍കിയതായി മൂണ്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണ കേന്ദ്രവും വിക്ഷേപണ കേന്ദ്രവും യുഎസിന് അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ പരിശോധിക്കാം.
2012 മുതലാണ് ടോങ്ചാങ് റി പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാവുന്നത്. യുഎസിലേക്ക് വിക്ഷേപിക്കാന്‍ സാധിക്കുന്ന മിസൈലുകളുടെ എന്‍ജിന്‍ പരീക്ഷണം നടന്നത് ഇവിടെ വച്ചാണ്. അതുകൊണ്ടുതന്നെ ഉത്തര കൊറിയന്‍ നടപടി ആണവ നിരായുധീകരണത്തിനു പ്രധാന ചുവടുവയ്പായിട്ടാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ആണവ പരീക്ഷണങ്ങള്‍ക്കായി അസംസ്‌കൃത വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന യോങ്‌ബ്യോണ്‍ കേന്ദ്രം നശിപ്പിക്കാമെന്നും കിം സമ്മതിച്ചതായാണ് വിവരം. 2032ലെ സമ്മര്‍ ഒളിംപിക്‌സില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന തീരുമാനവും എടുത്തതായി ഇരുനേതാക്കളും അറിയിച്ചു.
വൈകാതെ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുമെന്നു കിം അറിയിച്ചു. അങ്ങനെയെങ്കില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ ഉത്തര കൊറിയന്‍ ഭരണാധികാരിയായിരിക്കും കിം. റെയില്‍വേ സംവിധാനം, ആരോഗ്യമേഖല സഹകരണം, കൊറിയന്‍ യുദ്ധത്തില്‍ വിഭജിക്കപ്പെട്ട കുടുംബങ്ങളുടെ കൂടിച്ചേരല്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കും.ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രിയും ഉത്തര കൊറിയന്‍ സൈന്യവും കരാറുകളില്‍ ഒപ്പുവച്ചു.

Next Story

RELATED STORIES

Share it